[]ന്യൂദല്‍ഹി: മൂന്ന് കല്‍ക്കരിപ്പാടങ്ങള്‍ ഖനനരംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കല്‍ക്കരി മന്ത്രാലയത്തിലെ പ്രത്യേകസമിതി തീരുമാനിച്ചു.
ഝാര്‍ഖണ്ഡ് സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മധ്യപ്രദേശ് സംസ്ഥാന മൈനിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാന ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്ന 17 ഖനികളിലെ മൂന്നെണ്ണമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഊര്‍ജ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കായി 14 കല്‍ക്കരിപ്പാടങ്ങള്‍ നേരത്തെ അനുവദിച്ചിരുന്നു.
“മുന്ന് പാടങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടിനോട് മന്ത്രാലയ സമിതി പൂര്‍ണമായും യോജിക്കുന്നു. ടെക്‌നിക്കല്‍ കമ്മറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് പാടങ്ങള്‍ വിതരണം ചെയ്യാന്‍ സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.” സമിതിയുടെ യോഗത്തിന്റെ മിനിട്‌സില്‍ പറയുന്നു.
കല്‍ക്കരി വകുപ്പ് സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷന്‍.
ഒഡീഷയിലെ ബ്രാഹ്മണി കല്‍ക്കരിപ്പാടം ഒറീസ മിനറല്‍സ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിനും, ഝാര്‍ഖണ്ഡിലെ ഗോവ കല്‍ക്കരിപ്പാടം ഝാര്‍ഖണ്ഡ് സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും ബീഹാര്‍ സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമാണ് അനുവദിച്ചത്.
ഛത്തീസ്ഗഢിലെ കെര്‍വ ബ്ലോക്ക് ഛത്തീസ്ഗഢ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും മധ്യപ്രദേശ് സംസ്ഥാന മൈനിങ് കോര്‍പ്പറേഷനും സംയുക്തമായാണ് അനുവദിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 17 കമ്പനികളില്‍ നിന്നായി 41 അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. മറ്റ് 14 കല്‍ക്കരിപ്പാടങ്ങള്‍ കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കിയിരുന്നു.