ന്യൂദല്‍ഹി: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് ഒഡിഷയിലെ ബൈതരണിയില്‍ അനുവദിച്ച കല്‍ക്കരിപ്പാടത്തിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
ലൈസന്‍സ് കിട്ടി അഞ്ചു കൊല്ലമായിട്ടും കല്‍ക്കരി ഖനനത്തിന് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണിത്.[]
കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന കേരളം സമീപഭാവിയില്‍ നീക്കിയിരിപ്പായി കണ്ടിരുന്ന 1000 മെഗാ വാട്ടിന്റെ പദ്ധതിയാണ് ഇതോടെ നഷ്ടമായത്.
വര്‍ഷങ്ങളായി പുതിയ വൈദ്യുതോല്‍പാദന സാധ്യതകള്‍ തേടുന്ന കേരളത്തിന് കല്‍ക്കരിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വഴി തുറന്നു കിട്ടിയപ്പോള്‍ നിലയം എവിടെ സ്ഥാപിക്കുമെന്നത് പ്രശ്‌നമായിരുന്നു. ചീമേനിയില്‍ നിലയം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചു. എന്നാല്‍, മലിനീകരണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനം പ്രതിഷേധിച്ചതോടെ പിന്‍വാങ്ങേണ്ടി വന്നു.
ഒഡിഷയില്‍ തന്നെ നിലയം സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് കേരളത്തിലെത്തിക്കാനും ആലോചിച്ചു. എന്നാല്‍, അത് നടപ്പില്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. കുറഞ്ഞനിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സാധ്യതയാണ് ഇതോടെ നഷ്ടപ്പെട്ടത്.
വൈതരണിയില്‍ കേരളത്തിന് അനുവദിച്ചിരുന്ന കല്‍ക്കരിപ്പാടം റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കത്ത് ഇന്നലെയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭിച്ചത്. കല്‍ക്കരി പാടം അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് നടപടി.
ഇതിനൊപ്പം തന്നെ ഗ്യാരണ്ടി തുകയായി കേരളം നല്‍കിയ 25 കോടിയുടെ പകുതി പിടിച്ചെടുക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പൊതുസമ്പത്തായ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചുളുവിലക്കാണ് നല്‍കിയതെന്ന സി.എ.ജി റിപ്പോര്‍ട്ട് വിവാദമായതോടെ, പിടിച്ചുനില്‍ക്കാന്‍ കേന്ദ്രം വഴിതേടി. ഇതോടെ കല്‍ക്കരി ഖനനത്തിന് ലൈസന്‍സ് സ്വന്തമാക്കിയിട്ടും ഖനന പ്രവര്‍ത്തനം തുടങ്ങാത്ത കമ്പനികള്‍ക്കെതിരെ നടപടി തുടങ്ങുകയായിരുന്നു.
കേരളത്തിന്റെ വൈദ്യുതി ബോര്‍ഡ് അടക്കം, ലൈസന്‍സ് കിട്ടിയിട്ടും കല്‍ക്കരി ഖനനം തുടങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് അവര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മന്ത്രിതല സമിതി കല്‍ക്കരിപ്പാടങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ചു വരുകയാണ്.
ഒഡിഷ െൈഹഡ്രോ പവര്‍ കോര്‍പ്പറേഷന്‍, ഗുജറാത്ത പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്‌ക്കൊപ്പമാണ് ബൈതരണി വെസ്റ്റ് കോള്‍ ബ്ലോക്ക് കെ.എസ്.ഇ.ബിക്ക് 2007 ജൂലൈ 25 ന് അനുവദിച്ചത്. കല്‍ക്കരിപ്പാടം പ്രയോജനപ്പെടുത്താന്‍ കേരളവും ഗുജറാത്തും ഒഡീഷയും 2008 ല്‍ കരാറുണ്ടാക്കി. എന്നാല്‍ ഇത് സംബന്ധിച്ച നടപടികളൊന്നും മുന്നോട്ട് നീങ്ങിയില്ല