കല്‍ക്കരി വിവാദം: തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടു
India
കല്‍ക്കരി വിവാദം: തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2012, 2:43 pm

ന്യൂദല്‍ഹി: കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം നടത്തുന്ന ബഹളത്തില്‍ പാര്‍ലമെന്റ് നാലാം ദിനവും തടസ്സപ്പെട്ടു. പ്രതിപക്ഷവും ഭരണപക്ഷവും നിലപാടുകള്‍ കര്‍ക്കശമാക്കിയതിനെത്തുടര്‍ന്നാണ് സഭ തടസ്സപ്പെട്ടത്.[]

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. ലോക്‌സഭയില്‍ ബി.ജെ.പി, ശിവേസന അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സ്പീക്കര്‍ മീരാകുമാര്‍ തീരുമാനിച്ചതോടെ ബഹളം ശക്തമായി. ഇതോടെ സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ ബഹളം തുടര്‍ന്നതിനാല്‍ തിങ്കളാഴ്ച വരെ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ നേരിടാന്‍ ട്രഷറി ബെഞ്ചും രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ചോദ്യോത്തരവേള തുടരാന്‍ അനുവദിക്കണമെന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് രാജ്യസഭ ആദ്യം 12 വരെയും പിന്നീട് 2.30 വരെയും നിര്‍ത്തിവച്ചു.

കല്‍ക്കരിപ്പാടങ്ങളള്‍ അനുവദിച്ചത്‌ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജി വെക്കണമെന്ന നിലപാടില്‍ ബി.ജെ.പി. ഉറച്ചുനില്‍ക്കുകയാണ്. ഇതിന് മുഖ്യപ്രതിപക്ഷസഖ്യമായ എന്‍.ഡി.എ. പിന്തുണയും നല്‍കി.

എന്നാല്‍ പ്രതിപക്ഷ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്നുള്ള നിലപാടാണ് കോണ്‍ഗ്രസിന്. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ യു.പി.എസഖ്യകക്ഷികളുടെയും പിന്തുണയും കോണ്‍ഗ്രസിനുണ്ട്.

കല്‍ക്കരിഖനനം സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയ്യാറാണെന്ന് പലതവണ കോണ്‍ഗ്രസ് പറഞ്ഞുകഴിഞ്ഞു. ഇതിനുശേഷം ഇരുസഭകളിലും ചര്‍ച്ചനടത്താനും കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറാണ്. പക്ഷേ, ഇതിന് തയ്യാറല്ല എന്നാണ് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ചത്.