കല്‍ക്കരി വിവാദം: പാര്‍ലമെന്റ് പന്ത്രണ്ടാം ദിനവും സ്തംഭിച്ചു
India
കല്‍ക്കരി വിവാദം: പാര്‍ലമെന്റ് പന്ത്രണ്ടാം ദിനവും സ്തംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th September 2012, 11:36 am

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പന്ത്രണ്ടാം ദിനവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി. രാവിലെ ഇരുസഭകളും ചേര്‍ന്നയുടന്‍ കല്‍ക്കരി വിഷയത്തില്‍ ബി.ജെ.പി പതിവ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.[]

വൈകാതെ ശ്രീലങ്കന്‍ വിഷയത്തില്‍ പ്രതിഷേധവുമായി ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, സി.പി.ഐ, വിരുതലൈ ചിരുതതൈഗല്‍ കച്ചി കക്ഷിയും നടുത്തളത്തിലിറങ്ങി. ഇതോടെ ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചു.

ശ്രീലങ്കന്‍ സൈനികര്‍ക്ക് ഇന്ത്യന്‍ വ്യോമതാവളത്തില്‍ പരിശീലനം നല്‍കുന്നതിനെയാണ് ഡി.എം.കെ സഭയില്‍ എതിര്‍ത്തത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെയുടെ ഇന്ത്യ സന്ദര്‍ശനമാണ് മറ്റുകക്ഷികളുടെ എതിര്‍പ്പിനിടയാക്കിയത്.

വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ മന്‍മോഹന്‍സിങിനെതിരെ വന്ന ലേഖനം ഉദ്ധരിച്ചാണ് പ്രതിപക്ഷത്തെ നേതാക്കള്‍ സഭയില്‍ ആദ്യം പ്രസംഗിച്ചത്.

രാവിലെ ലോക്‌സഭ ചേര്‍ന്നയുടന്‍ സ്പീക്കര്‍ മീരാകുമാര്‍ ശിവകാശി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ചോദ്യോത്തരവേളയിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. രാജ്യസഭയിലും സമാനമായ സ്ഥിതിയായിരുന്നു.

സഭ ഉച്ചയ്ക്ക് ശേഷം വീണ്ടും ചേരും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ബഹളം മൂലം പാസ്സാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് വീണ്ടും ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബഹളം. സഭയുടെ വര്‍ഷകാലസമ്മേളനം വെള്ളിയാഴ്ച അവസാനിക്കും.