| Wednesday, 5th September 2012, 11:39 am

കല്‍ക്കരി വിവാദം: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി വിവാദത്തെ തുടര്‍ന്ന് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. രാവിലെ ഇരുസഭകളും ചേര്‍ന്നയുടനെ ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.[]

കല്‍ക്കരിപ്പാടം വിഷയം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ ശ്രീലങ്കന്‍ സൈന്യത്തിന് ഇന്ത്യയില്‍ പരിശീലനം നടത്താന്‍ അനുവദിച്ച കേന്ദ്രതീരുമാനവും മഹിന്ദ രാജപക്‌സെയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഡി.എം.കെ. ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള കക്ഷികള്‍ ഉയര്‍ത്തി.

എ.ഐ.എ.ഡി.എം.കെ, സി.പി.ഐ, വി.സി.കെ, എന്നീ കക്ഷികളും ശ്രീലങ്കന്‍ വിഷയത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും ബഹളത്തില്‍ മുങ്ങിയതോടെ സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

2004-09 കാലത്ത് ലേലംകൂടാതെ കല്‍ക്കരി ഖനനത്തിന് ലൈസന്‍സുകള്‍ നല്‍കിയതുവഴി പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സി.എ.ജി.)ന്റെ റിപ്പോര്‍ട്ട് കഴിഞ്ഞമാസമാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചത്.

ഇതേത്തുടര്‍ന്ന്, 2004-09 കാലയളവില്‍ കല്‍ക്കരിവകുപ്പിന്റെ ചുമതല നേരിട്ട് കൈയ്യാളിയിരുന്ന പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ചയായി ബി.ജെ.പി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിവരികയാണ്.

We use cookies to give you the best possible experience. Learn more