കല്‍ക്കരി ഖനി അഴിമതി: ലോക്‌സഭാ നടപടികള്‍ ഇന്നും തടസ്സപ്പെട്ടു
India
കല്‍ക്കരി ഖനി അഴിമതി: ലോക്‌സഭാ നടപടികള്‍ ഇന്നും തടസ്സപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2012, 2:15 pm

ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളം മൂലം ലോക്‌സഭാ നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭ സ്തംഭിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി ഒരുങ്ങിയെങ്കിലും പ്രതിപക്ഷം തടസ്സപ്പെടുത്തി.[]

ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷത്തിന്റെ ആയിരം വാക്കിനേക്കാള്‍ ശക്തി തന്റെ നിശബ്ദതയ്ക്കാണെന്നും മന്‍മോഹന്‍ പറഞ്ഞിരുന്നു.

നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് കല്‍ക്കരിപ്പാടം വിതരണം ചെയ്തത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു തീരുമാനങ്ങള്‍. സി.എ.ജിയുടെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.