| Thursday, 30th August 2012, 12:30 pm

പാര്‍ലമെന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഇടത് എസ്.പി പാര്‍ട്ടികള്‍ ഒരുമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരി ഖനി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ ഏഴാം ദിവസും സ്തംഭിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഇതേതുടര്‍ന്ന് സഭാനടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു.[]

അതേസമയം, പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ഇടതുകക്ഷികളും സമാജ്‌വാദി പാര്‍ട്ടിയും അറിയിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് സി.പി.എം നേതാവ് ബസുദേബ് ആചാര്യ, സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ടി.ഡി.പി നേതാവ് നാഗേശ്വര്‍ റാവു എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പിയുടെ പാര്‍ലമെന്റ് തടസ്സപ്പെടുത്തലിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പാര്‍ലമെന്റ് പ്രവര്‍ത്തിപ്പിക്കാനായി ചില പാര്‍ട്ടികള്‍ മുന്നിട്ടറങ്ങുന്നു. ഇതിനായി  ഇടത്-എസ്.പി പാര്‍ട്ടികള്‍ ഒരുമിക്കുന്നുണ്ട്. ടി.ഡി.പിയും ഇവരോടൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ പിന്തുണയും തേടും. കല്‍ക്കരിപ്പാടം ഇടപാട് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷത്തിന്റെ ആയിരം വാക്കിനേക്കാള്‍ ശക്തി തന്റെ നിശബ്ദതയ്ക്കാണെന്നും മന്‍മോഹന്‍ പറഞ്ഞിരുന്നു.

നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് കല്‍ക്കരിപ്പാടം വിതരണം ചെയ്തത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു തീരുമാനങ്ങള്‍. സി.എ.ജിയുടെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more