കല്‍ക്കരി വിവാദം: 58 ഖനികളുടെ പ്രവര്‍ത്തനം കേന്ദ്രം പരിശോധിക്കും
India
കല്‍ക്കരി വിവാദം: 58 ഖനികളുടെ പ്രവര്‍ത്തനം കേന്ദ്രം പരിശോധിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2012, 3:11 pm

ന്യൂദല്‍ഹി: കല്‍ക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ലൈസന്‍സ് ലഭിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത 58 ഖനികളെകുറിച്ച് കേന്ദ്രഖനി മന്ത്രാലയം പരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്.[]

മുപ്പത്തിമൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇരുപത്തിയഞ്ച് സ്വകാര്യ കമ്പനികള്‍ക്കും അനുവദിച്ച കല്‍ക്കരിപാടങ്ങളാണ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.

അതേസമയം, 32 മറ്റ് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചത് കൂടി പരിശോധിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍ക്കരി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖനി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗം 58 ഖനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 54 കല്‍ക്കരി പാടങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ മാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം കല്‍ക്കരി പാടങ്ങള്‍ ഖനനത്തിന് നല്‍കിയ വിഷയത്തില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒന്‍പതാം ദിവസം ബി.ജെ.പി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെയ്ക്കുകയായിരുന്നു.