സമരത്തെ തുടര്‍ന്ന് കല്‍ക്കരി ഖനികളിലെ 75% ഉല്പാദനവും നിലച്ചു. ആദ്യ ദിവസം തന്നെ സമരം കാരണം 70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
ചൊവ്വാഴ്ച ആരംഭിച്ച സമരത്തില്‍ രാജ്യത്തെ 5 ലക്ഷത്തോളം വരുന്ന കല്‍ക്കരി ഖനി തൊഴിലാളികള്‍ പങ്കെടുക്കുന്നുണ്ട്. താപവൈദ്യുത നിലയങ്ങളിലേക്കുള്ള ഇന്ധന വിതരണത്തെ സമരം ബാധിച്ചേക്കും.
സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ധരാത്രി ദല്‍ഹിയില്‍ സര്‍ക്കാര്‍ തൊഴിലാളി പ്രതിനിധികളും തമ്മില്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സമയവായത്തിലെത്താന്‍ കഴിയാതായതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
സര്‍ക്കാറിന്റെ കീഴിലുള്ള കോള്‍ ഇന്ത്യ ഓഹരി വില്‍ക്കാനും പുനര്‍രൂപീകരിക്കാനുമുള്ള തീരുമാനത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. കല്‍ക്കരി മേഖലയെ പൊതുഉടമസ്ഥതയില്‍ നിന്നും മാറ്റാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
അതേസമയം, കല്‍ക്കരി ഉല്പാദനം നിലച്ചത് ഊര്‍ജ പ്രതിസന്ധിയുണ്ടാക്കുമെന്ന് തോന്നുന്നില്ലെന്ന് ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കല്‍ക്കരി മന്ത്രി കൂടിയായ ഗോയല്‍ ബുധനാഴ്ച തൊഴിലാളി യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് ട്രേഡ് യൂണിയനുകളുടെയും പിന്തുണ സമരത്തിനുണ്ട്. ബി.ജെ.പിയുടെ ഭാരതീയ മസ്ദൂര്‍ സംഘ്, കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഇടതു സംഘടനയായ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍, ഹിന്ദ് മസ്ദൂര്‍ സഭ തുടങ്ങിയവയെല്ലാം സമര രംഗത്തുണ്ട്.