ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികള്‍ക്കെതിരെ കൂടി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുടെ വിവിധ ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. അഞ്ച് സംസ്ഥാനങ്ങളിലായി പതിനാറ് ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. []
ഗ്രീന്‍ ഇന്‍ഫ്രാ, കമല്‍ സ്റ്റീല്‍ എന്നീ കമ്പനികളിലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. ഇതിനോടകം ഇരുപതോളം കമ്പനികള്‍ക്കതിരെ പലതവണയായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കല്‍ക്കരി കുഭംകോണവുമായി ബന്ധപ്പെട്ട് മുമ്പും സി.ബി.ഐ ഇത്തരം റെയ്ഡുകള്‍ നടത്തിയിരുന്നു.
ഇതിനോടകം വിവിധ കമ്പനികളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. എന്‍.ഡി.എ ഭരണകാലത്തുള്ളതുള്‍പ്പെടെയുള്ള ഇടപാടുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
2004 നും 2011 നുമിടയില്‍ നടന്ന കല്‍ക്കരി കുംഭകോണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും 1.65ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയത്.