| Monday, 11th October 2021, 7:04 pm

കല്‍ക്കരി പ്രതിസന്ധി; കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ ഊര്‍ജ ക്ഷാമത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യൂതി ക്ഷാമം അനുഭവിക്കുന്നുണ്ട്. എന്‍.ടി.പി.സി ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ ഉണ്ടായിരുന്നു.

ദല്‍ഹിയടക്കം സംസ്ഥാനങ്ങില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. പല സംസ്ഥാനങ്ങളിലും അനൗദ്യോഗിക പവര്‍കട്ട് തുടരുന്നുണ്ട്.

പലയിടങ്ങളിലും കനത്ത ക്ഷാമമാണ് കല്‍ക്കരിക്ക് അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി വില കുതിച്ചു കയറുകയാണ്. നേരത്തെ കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ചിലര്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്നായിരുന്നു കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ് പറഞ്ഞത്.

നിലവില്‍ രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ദല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ദല്‍ഹിയിലും പ്രതിസന്ധി രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

ഊര്‍ജപ്രതിസന്ധി കേരളത്തെയും ബാധിച്ചുവെന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ 1,000 മെഗാവാട്ടിന്റെ കുറവ് ഉണ്ടായെന്നും സംസ്ഥാന വൈദ്യുതവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു

ഊര്‍ജ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യം പവര്‍കട്ടിലേക്ക് പോവേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Coal crisis;Amit Shah convenes emergency meeting of Union ministers

We use cookies to give you the best possible experience. Learn more