| Sunday, 18th August 2024, 10:25 pm

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ശ്രീറാംസ് ഐ.എ.എസ് കോച്ചിങ് സെന്ററിന് മൂന്ന് ലക്ഷം രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിച്ചതിനും കോച്ചിങ് സെന്ററായ ശ്രീറാംസ് ഐ.എ.എസിന് പിഴ. മൂന്ന് ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഉപഭോക്തൃ അവകാശ നിയന്ത്രണ സ്ഥാപനമായ സി.സി.പി.എയുടേതാണ് നടപടി.

സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ), തെറ്റായ പരസ്യങ്ങള്‍ നല്‍കിയതിന് കോച്ചിങ് സെന്ററിനെതിരെ നടപടിയെടുത്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചതെന്ന് സി.സി.പി.എ വ്യക്തമാക്കി.

2022ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് ശ്രീറാംസ് ഐ.എ.എസ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയത്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.സി.പി.എ നടപടിയെടുത്തത്.

ഉദ്യോഗാര്‍ത്ഥികളെ സ്വാധീനിക്കുന്നതിനായി, കഴിഞ്ഞ തവണ വിജയികളായ വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന മുന്‍ കാലങ്ങളിലെ ഒരേ വിജയികളുടെ ചിത്രങ്ങളും പേരുകളും സ്ഥാപനം പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി സി.സി.പി.എ ചൂണ്ടിക്കാട്ടി.

2022 യു.പി.എസ്.സി പരീക്ഷയില്‍ 200ലധികം വിദ്യാര്‍ത്ഥികള്‍ ശ്രീറാംസ് ഐ.എ.എസില്‍ നിന്ന് മാത്രമായി വിജയിച്ചുവെന്നാണ് സ്ഥാപനം പരസ്യത്തില്‍ അവകാശപ്പെട്ടത്. കോഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചാണ് സ്ഥാപനം പരസ്യം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണത്തിന് പിന്നാലെ നല്‍കിയ നോട്ടീസിന്, പരീക്ഷയില്‍ വിജയിച്ച 171 വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സി.സി.പി.എ പറഞ്ഞു. ഇതില്‍ 102 പേര്‍ ഫ്രീ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമില്‍ നിന്നും 55 പേര്‍ ഫ്രീ ടെസ്റ്റ് സീരീസില്‍ നിന്നുള്ളവരുമാണ്.

അതേസമയം ഒമ്പത് പേര്‍ ജി.എസ് ക്ലാസ്‌റൂം കോഴ്സില്‍ നിന്നുള്ളവരും അഞ്ച് വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോച്ചിങ് സെന്ററില്‍ സര്‍ക്കാരിന്റെ കീഴില്‍ സൗജന്യ ക്ലാസുകള്‍ ലഭ്യമായവരുമാണ്.

എന്നാല്‍ ഈ വസ്തുതകള്‍ പരാമര്‍ശിക്കാതെയാണ് ശ്രീറാംസ് ഐ.എ.എസ് പരസ്യം നല്‍കിയത്. നടപടിക്ക് പിന്നാലെ ഒരു പരസ്യത്തില്‍ വസ്തുതകളുടെ സത്യസന്ധമായ പ്രതിനിധാനം ഉണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlight: Coaching center Srirams IAS fined for misleading advertisements

We use cookies to give you the best possible experience. Learn more