ഫ്‌ളോറിഡ വെടിവെപ്പില്‍ വെടിയുണ്ടകള്‍ സ്വയം ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച് ഫുട്‌ബോള്‍ കോച്ച്; ആദരവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാര്‍ക്ക് ലാന്‍ഡ്, ഫ്‌ളോറിഡ: ഫ്ളോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ബുധനാഴ്ച്ച നടന്ന വെടിവെപ്പില്‍ ലോകത്തിന്റെ ആദരമേറ്റുവാങ്ങി ഒരാള്‍. സ്‌കൂളിലെ ഫുട്‌ബോള്‍ കോച്ചായ ആരണ്‍ ഫീസാണ് സ്വയമൊരു കവചമായി തന്റെ വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്. വെടിവെപ്പില്‍ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ആരണിന് വെടിയേറ്റെങ്കിലും മരിച്ചിട്ടില്ലെന്നും സ്‌കൂള്‍ ട്വീറ്റ് ചെയ്തു. സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുകയായിരുന്നു ആരണ്‍ ഫീസ്.

സ്വന്തം ജീവന്‍ പോലും വകവെക്കാതെ, കുട്ടികള്‍ക്ക് വെടിയുണ്ടകളേല്‍ക്കാതിരിക്കാന്‍ അദ്ദേഹം അവര്‍ക്കുമുന്‍പില്‍ സ്വയം മറതീര്‍ത്ത ആരണിന് സോഷ്യല്‍ മീഡിയയില്‍ വലിയ ആദരമാണ് ലഭിക്കുന്നത്. ആരണ്‍ ഫീസിനോടുള്ള ആദരസൂചകമായി വിദ്യാര്‍ത്ഥികളും ഫുട്ബോള്‍ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് ഇടുന്നത്. സ്‌കൂളിന്റെ സുരക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ചയാളാണ് ആരണ്‍ എന്നാണ് ഒരു വിദ്യാര്‍ത്ഥി പറഞ്ഞത്.

അച്ചടക്ക നടപടികളെ തുടര്‍ന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് എന്ന മുന്‍ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ കൂട്ടക്കൊല നടത്തിയത്. ബുധനാഴ്ച അമേരിക്കന്‍ സമയം വൈകുന്നേരം മൂന്നു മണിയോടെ നടന്ന സംഭവത്തില്‍ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.