ക്രിസ്റ്റ്യാനോ പ്രധാനി തന്നെ, പക്ഷേ അവനില്ലെങ്കിലും ഞങ്ങളെന്തിനും ഒരുക്കമാണ്: പോര്‍ച്ചുഗീസ് കോച്ച്
Sports News
ക്രിസ്റ്റ്യാനോ പ്രധാനി തന്നെ, പക്ഷേ അവനില്ലെങ്കിലും ഞങ്ങളെന്തിനും ഒരുക്കമാണ്: പോര്‍ച്ചുഗീസ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th September 2023, 1:21 pm

യുവേഫ യൂറോ കപ്പിന്റെ ക്വാളിഫയര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗിനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു. എസ്റ്റാഡിയോ അല്‍ഗരാവെയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒമ്പത് ഗോളിനായിരുന്നു പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. ക്രിസ്റ്റിയാനോക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസാണ് പറങ്കിപ്പടയെ നയിച്ചത്.

സ്ലോവാക്യക്കെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ക്രിസ്റ്റിയാനോക്ക് ലക്‌സംബര്‍ഗിനെതിരെ കളിക്കാന്‍ സാധിക്കാതെ വന്നത്. എന്നാല്‍ ഈ കുറവ് പോര്‍ച്ചുഗലിനെ ഒരിക്കലും ബാധിച്ചിരുന്നില്ല.

ഗോണ്‍സാലോ ഇനാസിയോ, ഗോണ്‍സാലോ റാമോസ്, ഡിയാഗോ ജോട്ട എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് , റിക്കാര്‍ഡോ ഹോര്‍ട്ട, ജാവോ ഫെലിക്‌സ് എന്നിവര്‍ ഓരോ ഗോളുമടിച്ച് പട്ടിക പൂര്‍ത്തിയാക്കി.

ഈ വിജയത്തിന് പിന്നാലെ പോര്‍ച്ചുഗല്‍ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകനായ റോബര്‍ട്ടോ മാര്‍ട്ടീനസ്. ഈ ഗ്രൂപ്പ് വളരെയധികം സ്പഷ്യലാണെന്നും ക്രിസ്റ്റിയാനോയില്ലാതെ തന്നെ ഇവര്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നും പറഞ്ഞ മാര്‍ട്ടീനസ് റൊണാള്‍ഡോ ടീമിലെ പ്രധാന ഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. പി.എസ്.ജി ടോക് വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഗോണ്‍സാലോ റാമോസ് ഇന്ന് കാണിച്ചുതന്നു. ഡിയാഗോ ജോട്ടയും അതുതന്നെ ചെയ്തു. മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കെല്‍പുള്ള താരങ്ങളെയാണ് നമുക്ക് ആവശ്യമുള്ളത്. ഈ ഗ്രൂപ്പ് വളരെയധികം സ്‌പെഷ്യലാണ്. അവരെ പരസ്പരം താരതമ്യം ചെയ്യേണ്ട ആവശ്യം വരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന് ഏറെ പ്രധാനമാണ്, പക്ഷേ അവനില്ലാതെ തന്നെ മത്സരങ്ങള്‍ ജയിക്കാന്‍ ഈ ടീം തയ്യാറാണ്,’ മാര്‍ട്ടീനസ് പറഞ്ഞു.

മത്സരത്തിന്റെ 12ാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് നേടിയിരുന്നു. ഗോണ്‍സാലോ ഇനാസിയോ ആണ് ഗോള്‍ നേടിയത്. 17 മിനിട്ടില്‍ ഗോണ്‍സാലോ റാമോസിലൂടെ ലീഡ് ഇരട്ടിയാക്കിയ പോര്‍ച്ചുഗല്‍ 33ാം മിനിട്ടില്‍ വീണ്ടും റാമോസിലൂടെ ലീഡ് വര്‍ധിപ്പിച്ചു. ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ഇനാസിയോ ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ 4-0 എന്ന ലീഡ് നേടി.

രണ്ടാം പകുതി ആരംഭിച്ച് പത്താം മിനിട്ടില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലക്സംബര്‍ഗിനെതിരെ സ്‌കോര്‍ ചെയ്തു. ഡിയാഗോ ജോട്ടയാണ് രണ്ടാം പകുതിയില്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്.

67ാം മിനിട്ടില്‍ പകരക്കാരനായി എത്തിയ റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് വര്‍ധിപ്പിച്ചു. 77ാം മിനിട്ടില്‍ ഡിയാഗോ ജോട്ട തന്റെ രണ്ടാം ഗോളും നേടി.

ഹാട്രിക് അസിസ്റ്റുകള്‍ക്ക് ശേഷം 83ാം മിനിട്ടില്‍ ക്യാപ്റ്റന്റെ റോളിലെത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ എട്ടാം ഗോളും 88ാം മിനിട്ടില്‍ ജാവോ ഫെലിക്സ് ഒമ്പതാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ഒരു ഒഫീഷ്യല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.

 

 

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ജെ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് തുടരാനും പോര്‍ച്ചുഗലിനായി. ആറ് മത്സരത്തില്‍ നിന്നും ആറ് വിജയമാണ് പോര്‍ച്ചുഗലിനുള്ളത്.

കളിച്ച ഒരു മത്സരത്തിലും ഗോള്‍ വഴങ്ങാതെ വിജയിച്ച പറങ്കിപ്പടി 24 ഗോളാണ് ഈ ആറ് മത്സരത്തില്‍ നിന്നും എതിരാളികളുടെ വലയിലേക്ക് അടിച്ചുകൂട്ടിയത്.

ഒക്ടോബര്‍ 14നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. സ്ലോവാക്യയാണ് എതിരാളികള്‍.

 

 

 

Content highlight: Coach Roberto Martinez about Portugal Team