| Sunday, 8th January 2023, 9:25 pm

നീയൊന്നും ചെറുപ്പത്തില്‍ എന്റെ കളി കണ്ടിരിക്കില്ല, അതാണ് ഇങ്ങനെയായത്; സൂര്യകുമാറിനെ നിറുത്തിപൊരിച്ച് ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുമായുള്ള മൂന്നാം ടി-20 മത്സരത്തിലും കത്തിജ്വലിച്ച് നിന്ന സൂര്യകുമാര്‍ യാദവിനെ ചെറുതായൊന്ന് നിറുത്തി പൊരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. 51 ബോളില്‍ 112 റണ്‍സെടുത്ത് ടി-20 ലോകത്തെ വീണ്ടും പിടിച്ചുകുലുക്കിയ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് സ്‌റ്റൈലിനെ എടുത്ത് പറഞ്ഞാണ് രാഹുല്‍ ദ്രാവിഡിന്റെ ട്രോള്‍.

പ്രതിരോധിച്ച് കളിക്കുന്ന ദ്രാവിഡിന്റെ ബാറ്റിങ് ശൈലിയില്‍ നിന്നും നേര്‍വിപരീതമായി, അടിച്ചുതകര്‍ത്ത് കളിക്കുന്നതാണ് സൂര്യകുമാറിന്റെ സ്‌റ്റൈല്‍. ഇക്കാര്യം താരതമ്യം ചെയ്ത്, സെല്‍ഫ് ട്രോളിന്റെ മേമ്പൊടിയുമായിട്ടായിരുന്നു രാഹുല്‍ പോസ്റ്റ് മാച്ച് വീഡിയോയില്‍ എത്തിയത്.

കുട്ടിക്കാലത്ത് സൂര്യകുമാര്‍ താന്‍ കളിക്കുന്നത് കണ്ടിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഇന്ത്യയുടെ വന്മതിലായിരുന്നു ബാറ്റര്‍ പറഞ്ഞത്. ബി.സി.സി.ഐയാണ് ഇരുവരും മാച്ചിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്.

‘ഇന്ന് എന്റെ ഒപ്പം നില്‍ക്കുന്ന ഇദ്ദേഹമുണ്ടല്ലോ, ഇവനൊന്നും ചെറുപ്പത്തില്‍ ഞാന്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടേയുണ്ടാകില്ല. അസാധ്യ പ്രകടനമാണ് സൂര്യ പുറത്തെടുക്കുന്നത്. നിന്റെ ഫോമിനെ കുറിച്ച് പറയാതിരിക്കാനാകില്ല.

ഇതിനേക്കാള്‍ മികച്ച ഒരു ടി-20 ഇന്നിങ്‌സ് ഞാന്‍ കണ്ടിട്ടില്ല എന്നാണ് നീ കളിക്കുന്ന ഓരോ മാച്ച് കാണുമ്പോഴും ഞാന്‍ ആലോചിക്കാറുള്ളത്. പക്ഷെ അടുത്ത മാച്ചില്‍ നീ അതിലും ഗംഭീരമായ പെര്‍ഫോമന്‍സ് നടത്തി ഞെട്ടിച്ചുകളയും,’ രാഹുല്‍ പറഞ്ഞു.

ഈ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിച്ച സൂര്യകുമാര്‍ താന്‍ ചെറുപ്പം മുതല്‍ ദ്രാവിഡ് കളിക്കുന്നത് കാണാറുണ്ടെന്ന് പറഞ്ഞു. ‘നീ കണ്ടുകാണില്ല എന്ന് എനിക്ക് ഉറപ്പാണ്. സത്യം പറഞ്ഞാല്‍ എന്റെ ബാറ്റിങ് നീ കണ്ടിരിക്കരുതേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു രാഹുല്‍ മറുപടി പറഞ്ഞത്.

തന്റെ ബാറ്റിങ് ശൈലിയെ കുറിച്ചും മാച്ചിന് മുമ്പ് നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ചും തുടര്‍ന്ന് സൂര്യകുമാര്‍ സംസാരിക്കുന്നുണ്ട്. മാച്ചിന് മുമ്പ് സമ്മര്‍ദത്തിലാകാറുണ്ടെന്നും അത്തരം സമ്മര്‍ദങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുമെന്നുമാണ് സൂര്യകുമാറിന്റെ വാക്കുകള്‍.

Content Highlight: Coach Rahul Dravid trolls Suraykumar Yadav after  his amazing innings

We use cookies to give you the best possible experience. Learn more