| Thursday, 6th October 2022, 11:28 am

ഗില്‍ക്രിസ്റ്റിനെ പോലെയാകാന്‍ പന്തിനാകുമോ? ആകുമെന്നാണ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കോച്ചിന് പറയാനുള്ളത്, പക്ഷേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് ടി-20 ഫോര്‍മാറ്റിലെ മോശം സമയം അവസാനിക്കുന്നില്ല. സൗത്ത് ആഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ തെറ്റില്ലാത്ത പ്രകടനം നടത്തിയെങ്കിലും ഇന്ത്യയുടെ വിജയത്തിന് അതൊന്നും പോരാതെ വരികയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ അടുത്ത എം.എസ്. ധോണിയായി പന്തിനെ വളര്‍ത്തിയെടുക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. എന്നാല്‍ പന്തിനെ ആദം ഗില്‍ക്രിസ്റ്റുമായിട്ടായിരുന്നു പലരും താരതമ്യം ചെയ്തത്.

ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍ കൂടിയായ ഗില്ലി, ഓസീസിന്റെ ലോകകപ്പ് വിജയങ്ങളിലടക്കം നിര്‍ണായക പങ്കാണ് വഹിച്ചത്.

പല താരങ്ങളും പന്തിനെ ഗില്‍ക്രിസ്റ്റുമായി കംപയര്‍ ചെയ്യുമ്പോള്‍ സച്ചിന്‍ അടക്കമുള്ള പല താരങ്ങളും ഇത്തരത്തില്‍ താരതമ്യം ചെയ്യരുതെന്നും പറഞ്ഞിരുന്നു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായ ജോണ്‍ ബുക്കാനെന്‍ (John Buchanan) ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഗില്‍ക്രിസ്റ്റിന്റെ റോളിന് സമാനമായ റോള്‍ പന്ത് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചത്.

ഗില്‍ക്രിസ്റ്റ് ഓസീസിന് വേണ്ടി നല്‍കിയതെന്തോ അത് പന്തില്‍ നിന്ന് ഇന്ത്യക്ക് പ്രതീക്ഷിക്കാന്‍ സാധിക്കും എന്നായിരുന്നു ബുക്കാനെനിന്റെ അഭിപ്രായം.

‘സാധ്യതയുണ്ട്. പ്രാഥമികമായി അതെല്ലാം റിഷബ് പന്തിനെ ആശ്രയിച്ചിരിക്കും. അവന് ഇന്ത്യന്‍ ടീമിന് വേണ്ടി ഓപ്പണിങ് ഇറങ്ങാന്‍ താത്പര്യമുണ്ടോ? ആദ്യ പന്ത് മുതല്‍ ആക്രമിച്ചുകളിക്കുന്ന ശീലമുള്ളതിനാല്‍ അവനെക്കൊണ്ട് അതിന് കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്,’ അദ്ദേഹം പറയുന്നു.

എന്നാല്‍ പന്തിന് ഓപ്പണിങ് ഇറങ്ങാനുള്ള ചാന്‍സ് വളരെ കുറവാണെന്നും ടീമിന്റെ സ്ഥിരം ഓപ്പണര്‍മാരില്‍ ഒരാളായ കെ.എല്‍. രാഹുലോ രോഹിത് ശര്‍മയോ വിരമിച്ചാല്‍ മാത്രമേ പന്തിന് ഓപ്പണിങ് കളിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ടി-20 ഫോര്‍മാറ്റില്‍ മോശം പ്രകടനം തുടരുകയാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ പന്ത് പുലിയാണ്. ഇന്ത്യ ഗാബ കീഴടക്കുമ്പോള്‍ അന്ന് അമരത്തുണ്ടായിരുന്നത് പന്തായിരുന്നു.

ഗില്‍ക്രിസ്റ്റിനെ പോലെ തന്നെ ചില റെക്കോഡുകളും താരം കൈമുതലാക്കിയിട്ടുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ രണ്ടേ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് മാത്രമാണ് സെഞ്ച്വറി നേടാന്‍ സാധിച്ചത്. ഗില്ലിയും പന്തുമാണ് ആ താരങ്ങള്‍

Content Highlight: Coach John Buchanan about comparing Rishabh Pant to Adam Gilchrist

We use cookies to give you the best possible experience. Learn more