| Thursday, 10th November 2022, 11:42 am

'യു ഗയ്‌സ് ആര്‍ അമേസിങ്', നിങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളേക്കാള്‍ മെസിയെയും അര്‍ജന്റീനയെയും സ്‌നേഹിക്കുന്നവരാണ്: കോച്ച് ഇവാന്‍ ഗരീറോ

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അവസാന ലോകകപ്പ്, ഇത്തവണത്തെ ലോകകപ്പിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. മെസി ലോകകപ്പ് ഉയര്‍ത്തിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ അര്‍ജന്റീന മാത്രമല്ല ലോകമെമ്പാടുമുള്ള മെസി ആരാധകര്‍ അത് ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോഴിതാ തങ്ങളേക്കാള്‍ കൂടുതല്‍ അര്‍ജന്റീനയെയും ലയണല്‍ മെസിയെയും സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനക്കാരനും ഖത്തര്‍ വനിതാ ബാസ്‌ക്കറ്റ് ബോള്‍ കോച്ചുമായ ഇവാന്‍ ഗരീറോ.

ലയണല്‍ മെസി ഇത്തവണ ലോകകപ്പ് അര്‍ഹിക്കുന്നുണ്ടെന്നും പതിനായിരക്കണക്കിന് അര്‍ജന്റീനക്കാരാണ് ലോകകപ്പ് കാണാന്‍ ഖത്തറിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്ണിനോടായിരുന്നു ഇവാന്‍ ഗരീറോയുടെ പ്രതികരണം.

‘വലിയ പ്രതീക്ഷയിലാണ് ഞങ്ങളു(അര്‍ജന്റീന)ള്ളത്. മെസി ലോകത്തിലെ മികച്ച കളിക്കാരനാണ്. ഈ സമയത്ത് അദ്ദേഹം ഒരു ലോകകപ്പ് അര്‍ഹിക്കുന്നുണ്ട്. മെസിക്കായി അര്‍ജന്റീന ഈ ലോകകപ്പ് വിജയിക്കണം എന്നാണ് ആഗ്രഹം. ഒരു പക്ഷെ മെസിയുടെ അവസാന ലോകകപ്പായിരിക്കാം ഇത്.

യു.എ.ഇയില്‍ സന്നാഹ മത്സരങ്ങളുണ്ട്. അതിന് ശേഷം നവംബര്‍ 17ന് ടീം ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീം എന്ന നിലയില്‍ അര്‍ജന്റീന സെറ്റാണ്. പ്രത്യേകിച്ച് ടീമിന്റെ യുവനിര. അവസാനം കളിച്ച കോപ്പാ അമേരിക്ക ഉള്‍പ്പെടെയുള്ള ചാമ്പ്യന്‍ഷിപ്പിലെ വിജയം ആത്മവിശ്വാസം പകരുന്നതാണ്.

നിങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളേക്കാള്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്നവരാണെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ പൊളിയാണ്(യു ഗയ്‌സ് ആര്‍ അമേസിങ്),’ ഇവാന്‍ ഗരീറോ പറഞ്ഞു.

അതേസമയം, കോപ്പാ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2019 മുതല്‍ 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ലോകകപ്പിനെത്തുന്നത്. 1986ന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം മെസി നേടിത്തരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മെസി ക്യാപ്റ്റനായിറങ്ങിയ ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനക്ക് കപ്പ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അക്കാര്യത്തില്‍ മാറ്റം വരുമെന്ന് തന്നെയാണ് മെസിയെ പോലെ ആരാധകരും വിശ്വസിക്കുന്നത്.

നവംബര്‍ 16ന് യു.എ.ഇക്കെതിരെയാണ് അര്‍ജന്റീന തങ്ങളുടെ അവസാന സന്നാഹ മത്സരം കളിക്കുന്നത്. നവംബര്‍ 22ന് സൗദി അറേബ്യക്കെതിരായാണ് ഉദ്ഘാടന മത്സരം.

CONTENT HIGHLIGHT: Coach Ivan Guerrero says Indians love Messi and Argentina more than us

We use cookies to give you the best possible experience. Learn more