| Sunday, 15th January 2023, 5:00 pm

കോച്ച് നിയമം മാറ്റി; റൊണാൾഡോക്ക് അത് സ്വീകാര്യമായില്ല ; താരം യുണൈറ്റഡ് വിട്ടതിന്റെ കാരണം പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗിലേക്ക് മാറിയ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. യൂറോപ്പിലെ തന്നെ പേര് കേട്ട ക്ലബ്ബായ യുണൈറ്റഡിൽ നിന്നും കോച്ചുമായും മാനേജ്മെന്റുമായും ഒത്തു പോകാൻ സാധിക്കാതെയാണ് താരം ക്ലബ്ബ്‌ വിട്ടതെന്നായിരുന്നു പുറത്ത് വന്ന റിപ്പോട്ടുകൾ.

തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട താരത്തിനെതിരെ യുണൈറ്റഡ് മാനേജ്മെന്റ് അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതിന് പിന്നാലെ റൊണാൾഡോയും ക്ലബ്ബും തമ്മിൽ ഉഭയകക്ഷി സമ്മത പ്രകാരം പിരിയുകയായിരുന്നു.

എന്നാൽ യുണൈറ്റഡും ക്ലബ്ബും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ യുണൈറ്റഡ് താരമായ വെസ് ബ്രൗൺ.

ക്ലബ്ബിന്റെ ഭാവി മുന്നിൽ കണ്ട് കോച്ച് എറിക് ടെൻ ഹാഗ് പല മാറ്റങ്ങളും ക്ലബ്ബിൽ വരുത്തിയെന്നും എന്നാൽ റൊണാൾഡോ ആ മാറ്റങ്ങൾക്ക് ഫിറ്റ്‌ ആയിരുന്നില്ലെന്നുമാണ് വെസ് ബ്രൗൺ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

“നിങ്ങൾ യുണൈറ്റഡിലെ പ്രശ്നങ്ങളിലേക്ക് നോക്കുമ്പോൾ അതിനെ പറ്റി വ്യക്തമായ ഒരു ധാരണ ലഭിച്ചേക്കണമെന്നില്ല. റൊണാൾഡോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളൊക്കെ എനിക്കറിയാം.

റൊണാൾഡോ ലോകോത്തര താരമാണെന്നതൊക്കെ ശരിയാണ്. കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ താല്പര്യമുണ്ടായിരുന്നു. പക്ഷെ കോച്ചിന് വ്യത്യസ്തമായ പ്ലാനുകളാണ് ഉണ്ടായിരുന്നത്,’ വെസ് ബ്രൗൺ പറഞ്ഞു.

“റൊണാൾഡോ നടത്തിയ അഭിമുഖങ്ങളാണ് എല്ലാം കുളമാക്കിയത്. റൊണാൾഡോ എല്ലാക്കാലത്തും ഒരു ഇതിഹാസ താരമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഓർമിക്കപ്പെടുമായിരുന്നു. പക്ഷെ അദ്ദേഹം അതെല്ലാം നശിപ്പിച്ചു. പുതുതായി സ്ഥാനമേറ്റ കോച്ച് എറിക് ടെൻ ഹാഗിന് ക്ലബ്ബിൽ നിരവധി പ്ലാനുകൾ ഉണ്ടായിരുന്നു.

അദ്ദേഹം ക്ലബ്ബിന്റെ നിയമങ്ങൾ മാറ്റി, കൂടാതെ ക്ലബ്ബിന് കൂടുതൽ സ്ഥിരതയുണ്ടാക്കാനുള്ള പ്രവർത്തികൾക്ക് അദ്ദേഹം നേതൃത്വം വഹിച്ചു. അതൽപ്പം കഠിനമായ കാര്യമായിരുന്നു. അത് റൊണാൾഡോക്ക് കുറച്ച് പ്രയാസമായിരുന്നു. റൊണാൾഡോയുടെ കരിയറും കുറച്ച് തടസങ്ങളിലൂടെ കടന്ന് പോകുന്ന സമയമായിരുന്നു അത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ റൊണാൾഡോ ക്ലബ്ബ് വിട്ടതിന് ശേഷവും തങ്ങളുടെ മോശം അവസ്ഥയിൽ നിന്നും കരകയറി വരുകയാണ് ചുവന്ന ചെകുത്താൻമാർ. ശനിയാഴ്ച നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ വിജയിച്ചതോടെ 38 പോയിന്റുമായി യുണൈറ്റഡ് പ്രീമിയർ ലീഗിലിപ്പോൾ മൂന്നാം സ്ഥാനത്താണ്.
എന്നാൽ സൗദി ക്ലബ്ബ് അൽ നസറിൽ ചേക്കേറിയ റൊണാൾഡോ ഇതുവരെ ക്ലബ്ബിനായി അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല.

Content Highlights :coach changed the law; Ronaldo did not accept it; The reason why the player left United is out

We use cookies to give you the best possible experience. Learn more