| Wednesday, 26th April 2023, 8:12 pm

കൊല്ലാന്‍ തന്നെയാണ് ഞങ്ങളൊരുങ്ങുന്നത്; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി കൊല്‍ക്കത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ തങ്ങളുടെ മൂന്നാം വിജയം പ്രതീക്ഷിച്ച് ചിന്നസ്വാമിയിലേക്കിറങ്ങിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് മത്സരത്തില്‍ നിന്നും വെറും രണ്ട് ജയം മാത്രമാണ് കൊല്‍ക്കത്തക്ക് സീസണില്‍ നേടാന്‍ സാധിച്ചത്. നാല് പോയിന്റുമായി നിലവില്‍ എട്ടാം സ്ഥാനത്താണ് കെ.കെ.ആര്‍.

എന്നാല്‍ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഒരുപക്ഷേ കൊല്‍ക്കത്തക്ക് പ്ലേ ഓഫിലേക്ക് കടക്കാനും മൂന്നാം കിരീടം നേടാനും സാധിക്കും.

ടൂര്‍ണമെന്റിലെ തങ്ങളുടെ പ്രതീക്ഷകളും സ്ട്രാറ്റജികളും വ്യക്തമാക്കുകയാണ് ടീമിന്റെ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ്. ടീമിന് പോസിറ്റീവ് മൈന്‍ഡ് സെറ്റാണ് ആവശ്യമെന്നും ശേഷിക്കുന്ന മത്സരത്തിലെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘നമ്മള്‍ക്കൊരു പോസിറ്റീവ് മൈന്‍ഡ് സെറ്റ് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ആദ്യമുണ്ടായിരുന്ന അന്തരീക്ഷം പാടെ മാറിയിരിക്കുകയാണ്. ആദ്യ പകുതിയില്‍ ഞങ്ങള്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം ഒരിക്കലും കാണാതെ പോകരുത്. ഞങ്ങളൊരിക്കലും മോശം ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇതിനോടകം തന്നെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ തയ്യാറാണെന്ന് ടീമിലെ ഓരോരുത്തരും കാണിച്ചു തന്നു. വീ ആര്‍ ഗോയിങ് റ്റു ഗോ ഫോര്‍ എ കില്‍,’ ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞതായി ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ചിന്നസ്വാമിയില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 റണ്‍സാണ് മുന്‍ ചാമ്പ്യന്‍മാര്‍ നേടിയിരിക്കുന്നത്.

20 പന്തില്‍ നിന്നും നാല് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 48 റണ്‍സ് നേടിയ ജേസണ്‍ റോയ്‌യും 16 പന്തില്‍ നിന്നും 17 റണ്‍സ് നേടിയ നാരായണ്‍ ജഗദീശനുമാണ് കൊല്‍ക്കത്തക്കായി ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍:

ജേസണ്‍ റോയ്, നാരായണ്‍ ജഗദീശന്‍, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്ദ്രേ റസല്‍, റിങ്കു സിങ്, ഡേവിഡ് വൈസി, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റാര്‍ട്ടിങ് ഇലവന്‍:

വിരാട് കോഹ്‌ലി, ഷഹബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലാംറോര്‍, ദിനേഷ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായി, വാനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്.

Content Highlight: Coach Chandrakant Pandit about Kolkata Knight Riders

We use cookies to give you the best possible experience. Learn more