സ്പാനിഷ് ലീഗ് ഫുട്ബോൾ വമ്പന്മാരായ റയൽ മാഡ്രിഡിൽ നിന്നും പരിശീലകൻ ആൻസലോട്ടിയെ പുറത്താക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഈ സീസണിൽ ലാ ലിഗയിൽ മികച്ച പ്രകടനം നടത്താൻ ക്ലബ്ബിന് സാധിച്ചിട്ടില്ല.
നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ റയലിന് സ്ഥിരതയോടെ കളിക്കാൻ സാധിക്കുന്നില്ലെന്ന പരാതികൾ വിവിധ കോണുകളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്.
അതിനാൽ തന്നെ റയലിന്റെ ഇതിഹാസ പരിശീലകരിൽ ഒരാളായി അറിയപ്പെടുന്ന ആൻസലോട്ടിയെ ഒഴിവാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻ ഹാം ഹോട്സ്പറിന്റെ പരിശീലകൻ അന്റോണിയോ കോന്റെയെ ടീമിലെത്തിക്കാനാണ് റയൽ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
എൽ നാഷണലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്.
റയലുമായി നിലവിൽ 2024 വരെയാണ് ആൻസലോട്ടിക്ക് കരാറുള്ളത്. പക്ഷെ മികച്ച സ്‌ക്വാഡ് ഡെപ്ത്ത് കൈവശമുണ്ടായിട്ടും റയൽ ലീഗിൽ മുന്നേറാൻ കഴിയാതെ പതറുന്നതാണ് ക്ലബ്ബ് മാനേജ്മെന്റ് ആൻസലോട്ടിക്കെതിരെ തിരിയാൻ കാരണം.
സ്പേഴ്സിൽ ഈ സീസണോടെ കരാർ അവസാനിക്കുന്ന കോന്റെയെ കൊണ്ട് വരുന്നതിലൂടെ ടീമിന്റെ മനോഭാവം തന്നെ മാറ്റം എന്നാണ് റയൽ അധികൃതരുടെ ധാരണ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ മുൻ ചെൽസി കോച്ചായ ടുഷേലിനേയും റയൽ തങ്ങളുടെ ഭാവി പരിശീലക സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടുണ്ട് എന്നും എൽ നാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.