| Thursday, 26th November 2020, 8:54 am

തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യമെന്ന് ആരോപണം; കാസര്‍ഗോഡ് കോണ്‍ഗ്രസ്സ് നേതാക്കള്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമാണെന്നാരോപിച്ച് കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെച്ചു.

9, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവെച്ചത്. രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കാനാണ് ഇവരുടെ തീരുമാനം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് പിടിച്ചെടുത്തിരുന്നു. ഈ പഞ്ചായത്ത് ഏത് വിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്നാണ് രാജി വെച്ച നേതാക്കള്‍ ആരോപിക്കുന്നത്.

പഞ്ചായത്തില്‍ ആകെ 15 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 12 വാര്‍ഡുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇവിടെ ബി.ജെ.പിക്ക് സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. പകരം ബി.ജെ.പി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന മൂന്ന് വാര്‍ഡുകളില്‍ യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ വെച്ചിട്ടില്ല.

ഡി.സി.സി നേതാക്കളുടെ അറിവോടെയാണ് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടെന്നും ആരോപണം ഉയരുന്നുണ്ട്. ബി.ജെ.പിയുടെ ജില്ലാ നേതാവ് പനത്തടി പഞ്ചായത്തില്‍ മത്സരിക്കുന്നുണ്ട്.

ഇവിടെ പോലും നേരിട്ടൊരു മത്സരത്തിന് യു.ഡി.എഫ് തയ്യാറായിട്ടില്ലെന്നും രാജി വെച്ചവര്‍ ചൂണ്ടികാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Co-Lee-B alliance accused in election; Kasargod Congress leaders resign

We use cookies to give you the best possible experience. Learn more