ടി-ട്വന്റി ലോകകപ്പില്‍ മുഖ്യ പരിശീലകസ്ഥാനം വേണ്ട: ആശിഷ് നെഹ്‌റ
BCCI
ടി-ട്വന്റി ലോകകപ്പില്‍ മുഖ്യ പരിശീലകസ്ഥാനം വേണ്ട: ആശിഷ് നെഹ്‌റ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th November 2023, 5:16 pm

2024 വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ മുഖ്യ പരിശീലക സ്ഥാനം വേണ്ടെന്ന് ആശിഷ് നെഹ്‌റ. 2023ലെ ഐ.സി.സി ഏകദിന ലോകകപ്പ് അവസാനിച്ചതോടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പിന്മാറി എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ 2024ലെ ടി-ട്വന്റി ലോകകപ്പിലും രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം തുടരണമെന്നാണ് ബി.സി.സി.ഐ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

2023 ലോകകപ്പ് കഴിഞ്ഞതോടെ 2024 ടി-ട്വന്റി ലോകകപ്പില്‍ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ആശിഷ് നെഹ്റയെ തേടി ഓഫര്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റ ഈ അവസരം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ രാഹുല്‍ ദ്രാവിഡിനോട് ഇന്ത്യയുടെ ടി-ട്വന്റി ലോകകപ്പ് മുഖ്യപരിശീലകസ്ഥാനത്തില്‍ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് ടി-ട്വന്റി ലോകകപ്പിലെ മുഖ്യ പരിശീലകനായി പുതിയ കോണ്‍ട്രാക്ട് ഒപ്പുവെക്കുകയാണ്.

ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചെയര്‍മാന്‍ അജിത്ത് അഗാക്കറും ദ്രാവിഡ് ടി-ട്വന്റിയില്‍ മുഖ്യ പരിശീലകനാവണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ദ്രാവിഡ് പിന്‍മാറിയാല്‍ പകരക്കാരനാവാന്‍ സാധ്യതയുള്ളത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മണ്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഓസ്ട്രേലിയയുമായുള്ള അഞ്ച് ടി-ട്വന്റി മത്സരങ്ങളില്‍ പരിശീലനം നല്‍കുന്നത് ലക്ഷ്മണ്‍ ആണ്.

രവിശാസ്ത്രി കരാര്‍ ഒഴിഞ്ഞ ശേഷമായിരുന്നു ദ്രാവിഡ് പരിശീലകസ്ഥാനത്ത് എത്തുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തെ കരാറില്‍ ഐ.സി.സിയുടെ ഒരു ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ദ്രാവിഡിന് കഴിഞ്ഞില്ലായിരുന്നു. പക്ഷെ 2023 ഐ.സി.സി ലോകകപ്പില്‍ ഇന്ത്യ തോല്‍വിയറിയാതെയാണ് ഗ്രൂപ്പ് മത്സരങ്ങളും സെമിയും കടന്ന് ഓസീസിനെ നേരിട്ടത്. എന്നാല്‍ ഇന്ത്യക്ക് ഫൈനലില്‍ പരാജയപ്പെടാനായിരുന്നു വിധി.

 

Content Highlight: No need for head coach post in T20 World Cup: Ashish Nehra