| Saturday, 11th August 2012, 10:00 am

സാഹിത്യമോഷണം: ഫരീദ് സക്കറിയയെ സി.എന്‍.എന്നും, ടൈം മാഗസിനും സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫരീദ് സക്കറിയയെ സാഹിത്യമോഷണത്തെ തുടര്‍ന്ന് തൊഴില്‍ ദാതാക്കളായ സി.എന്‍.എന്നും ടൈം മാഗസിനും സസ്‌പെന്റ് ചെയ്തു. സാഹിത്യമോഷണം നടത്തിയതായുള്ള സക്കറിയയുടെ കുറ്റസമ്മതത്തെ തുടര്‍ന്നാണ് നടപടി. []

ടൈം മാഗസിനില്‍ ആഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച ഫരീദ് സക്കറിയയുടെ ലേഖനമാണ് നടപടിക്കാധാരം. തോക്കുകളുടെ നിയന്ത്രണത്തെ കുറിച്ച് വേണ്ടി എഴുതിയ ലേഖനത്തിലെ ഒരു ഖണ്ഡിക ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജില്‍ ലേപോറിന്റെ ലേഖനത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഗുരുതരമായ പിഴവ് തന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് സക്കറിയ ഖേദപ്രകടന കുറിപ്പില്‍ പറയുന്നു. ടൈമില്‍ കോളമെഴുതുന്നതില്‍ നിന്ന് ഒരു മാസത്തേക്കാണ് വിലക്ക്.

സക്കറിയയുടെ മാപ്പ് അപേക്ഷ അംഗീകരിക്കുന്നതായി ടൈം മാഗസീന്‍ അറിയിച്ചു. എന്നാല്‍ സാഹിത്യമോഷണം നടത്തുകവഴി അദ്ദേഹം തങ്ങളുടെ കോളമിസ്റ്റുകളുടെ അന്തസ്സിന് കളങ്കുണ്ടാക്കിയിരിക്കുകയാണെന്നും ടൈം മാഗസിന്‍ വക്താവ് അലി സെലെന്‍കോ പറഞ്ഞു. ഒരുമാസം കഴിഞ്ഞശേഷം പരിശോധിച്ച് ആവശ്യമെങ്കില്‍ തുടര്‍നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലെ സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കി ഫരീദ് സക്കറിയ ജി.പി.എസ് എന്ന പേരില്‍ സി.എന്‍.എന്‍ ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഈ പരിപാടി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ചാനല്‍ അധികൃതര്‍ അറിയിച്ചു.

ടൈമിന് ഫരീദ് നല്‍കിയ മാപ്പപേക്ഷ തങ്ങള്‍ പരിശോധിച്ചു. ഇതേ വിഷയത്തില്‍ സി.എന്‍.എന്‍.കോമില്‍ അദ്ദേഹം ഒരു ചെറിയ ബ്ലോഗ് പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. ബ്ലോഗ് പോസ്റ്റ് തങ്ങള്‍ എടുത്ത് മാറ്റിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതുവരെ ഫരീദിനെ സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് ചാനല്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more