കുട്ടികളുടെ തലയറുത്തെന്ന ഹമാസിനെതിരായ വ്യാജ വാര്‍ത്ത; ക്ഷമാപണം നടത്തി സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍
World News
കുട്ടികളുടെ തലയറുത്തെന്ന ഹമാസിനെതിരായ വ്യാജ വാര്‍ത്ത; ക്ഷമാപണം നടത്തി സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 3:51 pm

വാഷിങ്ടണ്‍: ഹമാസ് കുട്ടികളുടെ തല വെട്ടിയെന്ന ഇസ്രഈലിന്റെ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ ക്ഷമ ചോദിച്ച് സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തക സാറ സിദ്‌നര്‍. സ്ഥിരീകരിക്കാത്ത വാര്‍ത്ത ആവര്‍ത്തിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സാറ എക്‌സില്‍ പ്‌ളാറ്റ്‌ഫോമില്‍ കുറിക്കുകയായിരുന്നു.

‘ഹമാസ് കുട്ടികളെ ശിരഛേദം നടത്തിയെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ഞങ്ങള്‍ തത്സമയം ചാനലില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് അത് സ്ഥിരീകരിക്കാത്ത വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞത്. ഞാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാര്യമായിരുന്നു. എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചക്ക് ക്ഷമ ചോദിക്കുന്നു,’ സാറ എക്‌സില്‍ കുറിച്ചു.

താന്‍ ചാനലില്‍ തത്സമയം വാര്‍ത്ത ചെയ്യുമ്പോള്‍ ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നെന്നും പിന്നീട് പ്രസിഡന്റ് ബൈഡന്‍ ദൃശ്യങ്ങള്‍ കണ്ടതായി ഉറപ്പ് പറഞ്ഞിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹമാസ് ആക്രമണത്തില്‍ ഇസ്രഈലില്‍ 40 കുട്ടികളെ തലയറുത്ത നിലയില്‍ കണ്ടെത്തി എന്നതായിരുന്നു സി.എന്‍.എന്‍ പുറത്തുവിട്ട വ്യാജവാര്‍ത്ത. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യാജ സന്ദേശം ഏറ്റുപിടിച്ചതോടെ വിഷയം കൂടുതല്‍ ജനശ്രദ്ധ നേടുകയായിരുന്നു. തുടര്‍ന്ന് ബൈഡന്റെ വാക്കുകള്‍ തള്ളി വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും ചില മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കപ്പെട്ടിരുന്നു.

Content Highlights: CNN reporter apologies for defending Israeli claims that Hamas beheaded babies