ഷെഹ്‌ല റാഷിദിനെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് അഭിപ്രായ സര്‍വേ നടത്തി സി.എന്‍.എന്‍-ന്യൂസ് 18; വിവാദമായപ്പോള്‍ പിന്‍വലിച്ചു
Kashmir Turmoil
ഷെഹ്‌ല റാഷിദിനെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് അഭിപ്രായ സര്‍വേ നടത്തി സി.എന്‍.എന്‍-ന്യൂസ് 18; വിവാദമായപ്പോള്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 12:38 pm

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദയെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന പേരില്‍ അഭിപ്രായസര്‍വേ നടത്തി സി.എന്‍.എന്‍-ന്യൂസ് 18. ഇന്നലെയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റെ ട്വിറ്ററില്‍ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദിച്ച് അഭിപ്രായ സര്‍വേ നടത്തിയത്.

എന്നാല്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ സി.എന്‍.എന്‍-ന്യൂസ് 18 സര്‍വേ പിന്‍വലിച്ചു.


നേരത്തെ ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. ഷെഹ്ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്ല ഉയര്‍ത്തിയ ആരോപണം. ‘ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.’ എന്നായിരുന്നു ഷെഹ്ലയുടെ ഒരു ട്വീറ്റ്.

‘സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു’ എന്നും ആരോപിച്ചിരുന്നു.

ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്ല ആരോപിച്ചിരുന്നു.

ഷെഹ്ലയുടെ ആരോപണങ്ങള്‍ സൈന്യം തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നുമാണ് സൈന്യം പറഞ്ഞത്.

WATCH THIS VIDEO: