| Saturday, 1st December 2018, 5:43 pm

ഇസ്രഈലിനെ വിമര്‍ശിച്ച ലേഖകന്റെ കരാര്‍ സി.എന്‍.എന്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ നടത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെയും വംശഹത്യയെയും വിമര്‍ശിച്ചു കൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ച രാഷ്ട്രീയ കാര്യ ലേഖകന്‍ മാര്‍ക്ക് ലാമന്റ് ഹില്ലിനെ സി.എന്‍.എന്‍ പുറത്താക്കി.

സി.എന്‍.എന്‍ വക്താവാണ് ഹില്ലുമായി കരാര്‍ നിലനില്‍ക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാല്‍ കരാര്‍ റദ്ദാക്കിയതിനു പിന്നിലെ കാരണം എന്താണെന്ന് പ്രസ്താവനയില്‍ പറയുന്നില്ല. ഫിലാഡല്‍ഫിയയിലെ ടെംപിള്‍ സര്‍വകലാശാലയില്‍ മീഡിയ സ്റ്റഡീസിലെ പ്രൊഫസര്‍ കൂടിയാണ് ലാമന്റ്.

ലാമന്റിന്റെ പരാമര്‍ശത്തിനെതിരെ ആന്റി ഡീഫമേഷന്‍ ലീഗ് (എ.ഡി.എല്‍) അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പലസ്തീനിയന്‍ വിരുദ്ധ ജൂത സിവില്‍ റൈറ്റ് സംഘടനയാണ് എ.ഡി.എല്‍.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ യു.എന്നില്‍ നടന്ന പരിപാടിയില്‍ ലാമന്റ് നടത്തിയ പ്രസംഗമാണ് ഇസ്രഈലി സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്.

സി.എന്‍.എന്‍ കരാര്‍ റദ്ദാക്കിയതിന് പിന്നാലെയും പരമാര്‍ശത്തില്‍ തെറ്റില്ലെന്ന് ഹില്‍ ആവര്‍ത്തിച്ചു. നീതിക്ക് വേണ്ടിയുള്ള ആഹ്വാനമാണ് നടത്തിയതെന്നും സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നുവെന്നും എന്നാല്‍ ജൂതരെ നശിപ്പിക്കണമെന്ന ആശയം തനിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more