ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; സി.എന്‍.എന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന് നേരെ പ്രതിഷേധം
World News
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; സി.എന്‍.എന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന് നേരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 12:32 pm

വാഷിംഗ്ടണ്‍ : ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധം സി.എന്‍.എന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന് നേരെയും. അറ്റ്ലാന്റയിലെ ഓഫീസിന് നേരെയാണ് കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാരുടെ അക്രമത്തില്‍ ഓഫീസിന്റെ ജനാലകളും ഗ്ലാസുകളും തകര്‍ന്നതായും സി.എന്‍.എന്നിന്റെ ലോഗോ നശിപ്പിച്ചതായും സി.എന്‍.എന്‍ അധികൃതര്‍ പറഞ്ഞു.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയില്‍ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശക്തമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് അമേരിക്കയിലെ അറ്റ്ലാന്റ.

 

നേരത്തെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സി.എന്‍.എന്‍ വാര്‍ത്ത സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നിട് വിട്ടയക്കുകയായിരുന്നു.

അതേസമയം, പ്രതിഷേധക്കാരോട് വളരെ മോശമായ സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ കൊള്ളക്കാരെന്ന് വിളിച്ച ട്രംപ് ഇത്തരത്തില്‍ പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ച്കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു.