|

സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാട്; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവും നല്‍കിയ ഹരജിയാണ് തള്ളിയത്. കൊച്ചി ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലന്‍സ് കോടതി പരാമര്‍ശവും ഹൈക്കോടതി റദ്ദാക്കി.

കോടതി വിധി വിശദമായി പരിശോധിച്ച് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതിനാല്‍ മാത്യു കുഴല്‍നാടന്‍ വീണ്ടും തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. മുഖ്യമന്ത്രിയെ എതിര്‍കക്ഷിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്.

വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന് വഴിവിട്ട സേവനം നല്‍കിയതിനാലാണ് മകള്‍ വീണ വിജയന്റെ കമ്പനിക്ക് സി.എം.ആര്‍.എല്‍ ഒരു സേവനവും നല്‍കാതെ പണം നല്‍കിയതെന്നായിരുന്നു ഹരജിക്കാരുട വാദം. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാവന്‍ വാദി ഭാഗത്തിന് സാധിച്ചില്ലെന്ന് വിജിലന്‍സ് കോടതി നിരീക്ഷിച്ചു.

എസ്.എഫ്.ഐ.ഒക്ക് പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതേ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തിയത്.

സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത വീണാ തൈക്കണ്ടിയുടെ എക്സാലോജിക്കിന് 1.72 കോടി രൂപ നല്‍കിയെന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സി.എം.ആര്‍.എല്‍ 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 135 കോടിയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ ഇടപാടിലാണ് നിലവില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നത്.

Content Highlight: CMRL-Exalogic deal; Vigilance investigation not required