| Saturday, 26th January 2019, 11:09 am

സി.എം.പി 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനുവരി 27 മുതല്‍ 29 വരെ കൊച്ചിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി) 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനുവരി 27 ഞായറാഴ്ച മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കും. 27-ന് വൈകീട്ട് നാലിന് ബഹുജന റാലിയോടെയാണ് കോണ്‍ഗ്രസിന് തുടക്കമാകുക.

രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് മറൈന്‍ ഡ്രൈവിലെ റോസ ലക്സംബര്‍ഗ് നഗറില്‍ എത്തിച്ചേരുന്ന റാലിയെത്തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ മുഖ്യപ്രഭാഷണം നടത്തും.

ജനു. 28-ന് രാവിലെ 9.30-ന് ടൗണ്‍ ഹാളിലെ എം.വി.ആര്‍ നഗറില്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പ്രമേയം സി.പി. ജോണും പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീറും അവതരിപ്പിക്കും.

ALSO READ: ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം

നേതാക്കളായ സി.എന്‍. വിജയകൃഷ്ണന്‍, എം.പി. സാജു, പി.ആര്‍.എന്‍. നമ്പീശന്‍, കൃഷ്ണന്‍ കോട്ടുമല, വി.കെ. രവീന്ദ്രന്‍ എന്നിവര്‍ രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ അവതരിപ്പിക്കും.

28-ന് വൈകീട്ട് 3-ന് മതം, രാഷ്ട്രീയം, വിശ്വാസം എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാഥിതിയായിരിക്കും. പി.ജെ. ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, മുന്‍ എം.പി കെ. ചന്ദ്രന്‍ പിള്ള, എം.എസ്. കുമാര്‍, മുന്‍ എം.പി തമ്പാന്‍ തോമസ്, ജി. ദേവരാജന്‍, അനൂപ് ജേക്കബ് എം.എല്‍.എ, ശ്രീകുമാര്‍ മേനോന്‍, കെ. റെജികുമാര്‍ എന്നിവര്‍ സംസാരിക്കും.

29-ന് വൈകീട്ട് റോസ ലക്സംബര്‍ഗിന്റെ ജീവിതം ആസ്പദമാക്കിയുള്ള മോഹിനിയാട്ടം അരങ്ങേറുമെന്നും വാര്‍ത്തസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more