| Saturday, 2nd June 2018, 9:01 am

പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് സ്വയം തകരും; ഇല്ലെങ്കില്‍ തകര്‍ക്കും: വെല്ലുവിളിയുമായി യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ സീറ്റുകളിലെ ബി.ജെ.പി തിരിച്ചടിയില്‍ മൗനം വെടിഞ്ഞ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ് യോഗി രംഗത്തെത്തിയത്.

ബി.ജെ.പി ഇതര പ്രതിപക്ഷ കക്ഷികളുടെ അവിശുദ്ധ കൂട്ടുകെട്ട് തകര്‍ക്കുമെന്നാണ് യോഗിയുടെ വെല്ലുവിളി. സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായാം സിങ്ങിന്റെയും അഖിലേഷ് യാദവിന്റെയും സ്വദേശമായ ഇത്താവയില്‍ വെച്ചാണ് യോഗി പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയത്.

“മോദിജി അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയാന്‍ കുറച്ച് അഴിമതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്തിരിക്കുകയാണ്. വൈരുദ്ധ്യങ്ങളും അത്യാര്‍ത്തിയും കാരണം ഈ അവിശുദ്ധ കൂട്ടുകെട്ട് സ്വയം തകരും. ഇല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ പദ്ധതികള്‍ സംസ്ഥാനത്തെ അവസാന വ്യക്തിക്കും ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ അതിനെ തകര്‍ക്കും.” യോഗി പറഞ്ഞു.


Also Read: ഖത്തര്‍-റഷ്യ എസ്.400 പീരങ്കി ഇടപാട്: സൈനിക നടപടിയുണ്ടാവുമെന്ന ഭീഷണിയുമായി സൗദി അറേബ്യ


എസ്.പിയുടെ ശക്തികേന്ദ്രമായ ഇത്താവയില്‍ 655 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു യോഗിയുടെ വെല്ലുവിളി. വികസനത്തെ അതീജീവിക്കാന്‍ ജാതീയതയ്‌ക്കോ സ്വജനപക്ഷപാതത്തിനോ കഴിയില്ലെന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് അഴിമതി അതിന്റെ ഏറ്റവും ഉയരങ്ങളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പദ്ധതികള്‍ കൊണ്ടുവരുന്നതിനു പകരം ബി.എസ്.പിയും എസ്.പിയും ജാതീയത പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ബി.ജെ.പി വികസനം കൊണ്ടുവരുമ്പോള്‍ അവര്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അതിന്റെ ശോഭകെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗി ആരോപിച്ചു.

We use cookies to give you the best possible experience. Learn more