| Wednesday, 5th December 2018, 10:43 am

യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ബുലന്ദ്ശ്വര്‍ കൊലപാതകം ചര്‍ച്ചയായില്ല; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സംസ്ഥാനത്ത് ഗോഹത്യ നടത്തുന്നവര്‍ ആരായിരുന്നാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ രാത്രി ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ബുലന്ദ്ശ്വറില്‍ സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കുറിച്ച് ഒരക്ഷരം പറയാതെയായിരുന്നു യോഗി ആദിത്യനാഥ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ബുലന്ദ്ശ്വര്‍ കലാപത്തിന് കാരണമായ ഗോഹത്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നില്‍ ചില ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗോഹത്യ നടത്തിയവര്‍ക്കെതിരെയും അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് ആവാസ്തി പറഞ്ഞു.

കൊലപാതകക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടില്ല. ഗോഹത്യ നടത്തിയവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് അദ്ദഹേം പറഞ്ഞത്- അവനീഷ് പറഞ്ഞു.


Video: മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത വേദിയില്‍ നാമജപവുമായി സ്ത്രീകള്‍; പ്രതിഷേധക്കാരെ കൂക്കിവിളിച്ച് ഇറക്കിവിട്ട് സദസിലുള്ള മറ്റ് സ്ത്രീകള്‍


പ്രത്യേക യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥോ മറ്റ് ഉദ്യോഗസ്ഥരോ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ 28 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്നത് ബജ്‌റംഗദളിന്റേയും വി.എച്ച്.പിയുടേയും ബി.ജെ.പി യൂത്ത് വിങ്ങിന്റേയും പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്.

കലാപം മനപൂര്‍വം തയ്യാറാക്കിയതാണെന്ന് വ്യക്തമാകുന്ന തെളിവുകളെല്ലാം ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കലാപത്തിന് ആസൂത്രണം നല്‍കിയതിന്റെ പേരില്‍ ബജ്‌റംഗദള്‍ നേതാവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കൊലപാതകം നടത്തിയ പ്രതി ആരെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന്റെ കയ്യില്‍ മറുപടിയില്ല.

ഇതിനൊപ്പം ഗോഹത്യ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ബുലന്ദ്ശ്വര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഓം പ്രകാശ് രാജ്ബറും പറഞ്ഞിരുന്നു. ഈ ഗൂഢാലോചനയില്‍ വി.എച്ച്.പിക്കും ആര്‍.എസ്.എസിനും കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പശുവിന്റെ അവശിഷ്ടം പാടത്ത് തൂക്കിയിട്ട നിലയും സംഭവം അറിഞ്ഞയുടന്‍ ഹിന്ദുത്വ സംഘടനകളുടെ വന്‍ സംഘം തന്നെ അവിടെയെത്തിയെന്നതും ഈ സംശയം ബലപ്പെടുത്തിയിരുന്നു.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളാണ് തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍. “”ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്ന് അദ്ദേഹം പറയുന്നു. പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.””

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിക്കുകയായിരുന്നു.

ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലിം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ “ഇജ്‌തെമാഅ്” പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more