മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ യോഗി; യു.പിയിലെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി; പാര്‍ട്ടി നേതാക്കളുമായി ബി.ജെ.പി ആസ്ഥാനത്ത് ചര്‍ച്ച
National Politics
മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ യോഗി; യു.പിയിലെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി; പാര്‍ട്ടി നേതാക്കളുമായി ബി.ജെ.പി ആസ്ഥാനത്ത് ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 10:15 am

ലഖ്‌നൗ: യു.പിയിലെ ഔദ്യോഗിക പരിപാടികളില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് ഇന്ന് പങ്കെടുക്കേണ്ട എല്ലാ പരിപാടികളും റദ്ദ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

അദ്ദേഹം ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ബി.ജെ.പിയുടെ കനത്ത പരാജയം തന്നെയാണ് പാര്‍ട്ടി ഇന്ന് ചര്‍ച്ച ചെയ്യുന്നത്.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. രണ്ടിടത്തും എസ്.പിക്കായിരുന്നു വിജയം.

യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലെയും തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്നാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് അട്ടിമറിച്ചത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമായിരുന്നു ഫുല്‍പൂര്‍.

ബി.എസ്.പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൈരാന ഉപതെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരുമിച്ച് തന്നെ പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിക്കെതിരെ സ്ഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അഖിലേഷ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് മായാവതിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഖ്യം തുടരുമെന്ന നിലപാടിലുറച്ച് അഖിലേഷ് രംഗത്തെത്തിയത്.