ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ.
സഖ്യകക്ഷികളായ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ചര്‍ച്ച ചെയ്തുമാത്രമേ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കണോ എന്നത് സംബന്ധിച്ച് നിലപാട് എടുക്കുകയുള്ളൂ. സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞതാണ്.
”ഇത് ഒരു സഖ്യസര്‍ക്കാര്‍ ആയതിനാല്‍ തന്നെ തീരുമാനമെടുക്കുന്നതിന് മുമ്പ് താക്കറെ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയിരിക്കും. സംസ്ഥാനത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനം മാത്രമാകും സര്‍ക്കാര്‍ കൈക്കൊളളുക-” ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി തയ്യാറാക്കിയ പൊതു മിനിമം പദ്ധതിയ്ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ സമുദായങ്ങളിലുള്ളവരും വിവിധ ജാതികളില്‍ നിന്നുള്ളവരും താമസിക്കുന്നുണ്ട്. ഇത് തങ്ങളുടെ കൂടി സംസ്ഥാനമാണെന്ന് അവര്‍ക്ക് തോന്നണം. അവരുടെ മനസ്സില്‍ ഒരു ഭയവും ഉണ്ടാകരുത്. ക്രമസമാധാന പാലനത്തിനായി ഞങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും- ഷിന്‍ഡെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് തങ്ങളുടെ പാര്‍ട്ടി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നിതിന്‍ റാവത്തും പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെ ഞങ്ങള്‍ പൂര്‍ണമായും എതിര്‍ത്തിരുന്നു. അത് മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഞങ്ങളുമായി സഹകരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം ലോക്‌സഭയില്‍ ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നുവെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു.