ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) എതിരെ പാസാക്കിയ ബില്‍ അടിയന്തരമായി പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയക്കാന്‍ ഗവര്‍ണറോടാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്‍.
സെപ്റ്റംബര്‍ 13ന് നിയമസഭ പാസാക്കിയ ബില്‍ കഴിഞ്ഞ രണ്ടര മാസമായി ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പരിഗണനയിലാണ്.
ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍, ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ ഹെല്‍ത്ത് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് സ്റ്റാലിന്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.
രാജ്യമൊന്നാകെ ഏകീകൃത പരീക്ഷ നടക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെട്ടുപോവുന്നു എന്ന് കാണിച്ചാണ് തമിഴ്‌നാട് നീറ്റിനെതിരെ പ്രമേയം പാസാക്കിയത്
ഏകീകൃത പരീക്ഷകള്‍ക്ക് പകരം പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കണം മെഡിക്കല്‍ പ്രവേശനം നടത്തേണ്ടതെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഈ ബില്ലാണ് അടിയന്തരമായി പ്രസിഡന്റിന് അയക്കാന്‍ ഗവര്‍ണറോടാവശ്യപ്പെട്ടത്.
നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിച്ചതോടെയാണ് നീറ്റിനെതിരെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. നീറ്റിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്നാട്.
രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് ഡി.എം.കെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു.
അഞ്ച് വര്‍ഷം മുന്‍പേ എ.ഐ.എ.ഡി.എം.കെയും നീറ്റിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നില്ല.
തമിഴ്നാട്ടില്‍ നീറ്റിന്റെ പ്രഭാവം പഠിക്കുന്നതിനായി എ.കെ. രാജന്‍ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീറ്റിനെതിരെ പ്രമേയം പാസാക്കിയത്.