| Wednesday, 7th February 2024, 3:41 pm

കേന്ദ്രത്തിനെതിരെ കർണാടക സർക്കാരിന്റെ സമരം; സിദ്ധരാമയ്യക്കൊപ്പം മന്ത്രിസഭയും കോൺഗ്രസ്‌ എം.എൽ.എമാരും ജന്തർ മന്ദറിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര അവഗണക്കെതിരെ കർണാടക സർക്കാരിന്റെ ‘ചലോ ദൽഹി’ സമരം ദൽഹിയിൽ ആരംഭിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിൽ മുഴുവൻ മന്ത്രിസഭയും ജന്തർ മന്ദറിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

ആകെ 137 എം.എൽ.എമാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർ മന്ദറിൽ ഒരുമിച്ചുകൂടിയത്. കർണാടകയിലെ പ്രമുഖ ദിനപത്രങ്ങളിലെല്ലാം ആദ്യ പേജിൽ സമരത്തിന്റെ പരസ്യമാണ് നൽകിയിരിക്കുന്നത്.

‘മൈ ടാക്സ്, മൈ റൈറ്റ്’ എന്ന ഹാഷ്ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധ ക്യാമ്പയിൻ നടക്കുന്നുണ്ട്.

ഉത്തർപ്രദേശിന് രണ്ട് ലക്ഷം കോടി രൂപ നികുതി വിഹിതം ആയി ലഭിക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായ തങ്ങൾക്ക് വെറും 44000 കൂടി രൂപ മാത്രമാണ് ലഭിച്ചതെന്ന് സിദ്ധ രാമയിൽ ആരോപിച്ചു.

‘യു.പിക്ക് ലഭിക്കുന്നത് രണ്ട് ലക്ഷം കോടി രൂപയാണ്. എന്നാൽ രാജ്യത്തെ രണ്ടാമത്തെ വലിയ നികുതി വിഹിതം നൽകുന്ന സംസ്ഥാനമായ കർണാടകക്ക് 44,000 കോടിയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇതിനർത്ഥം ഞങ്ങൾ നികുതിയിനത്തിലേക്ക് 100 രൂപ നൽകിയാൽ ഞങ്ങൾക്ക് തിരിച്ച് പന്ത്രണ്ടോ പതിമൂന്നോ രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത് അന്യായമല്ലാതെ എന്താണ്?’ സിദ്ധരാമയ്യ പറഞ്ഞു.

4.30 ലക്ഷം കോടി രൂപയാണ് നികുതിയിണത്തിൽ കർണാടക കേന്ദ്രസർക്കാരിലേക്ക് നൽകുന്നത്. കേന്ദ്രസർക്കാരിന്റെ രണ്ടാനമ്മയെ പോലെയുള്ള പെരുമാറ്റത്തിനെതിരെയാണ് പ്രതിഷേധം എന്നും സിദ്ധരാമയ്യ പറഞ്ഞു.

കേന്ദ്ര അവഗണനക്കെതിരെ കേരളവും നാളെ ദൽഹിയിൽ പ്രതിഷേധം നടത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Content Highlight: CM Siddaramaiah, 135 MLAs kick off protest against Centre at Jantar Mantar

We use cookies to give you the best possible experience. Learn more