| Saturday, 9th May 2020, 6:36 pm

കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജം, രോഗികള്‍ കൂടിയാല്‍ 27 എണ്ണം സമ്പൂര്‍ണ കൊവിഡ് കെയര്‍ ആശുപത്രികളാക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗലക്ഷണമുള്ളവരെ ചികിത്സിക്കാന്‍ 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ 125 സ്വകാര്യ ആശുപത്രികളും സജ്ജമാണ്.

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ 27 ആശുപത്രികള്‍ സമ്പൂര്‍ണ കൊവിഡ് കെയര്‍ ആശുപത്രികളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികള്‍ കൂടുതലുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മടങ്ങിയെത്തുന്നവരുടെ ആരോഗ്യം പ്രധാന ചുമതലയായി ഏറ്റെടുക്കും. സര്‍ക്കാരിന്റെ കെയര്‍ സെന്ററില്‍ കഴിയുന്നവരെയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെയും ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെടും. ഇ-കെയര്‍ സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് കെയര്‍ സെന്റര്‍. ഇ-ജാഗ്രത ആപ്പും ജനങ്ങള്‍ക്കായി തയ്യാറാക്കി. രോഗ ലക്ഷം ഉണ്ടെങ്കില്‍ വീഡിയോകോള്‍ വഴി ഡോക്ടര്‍മാര്‍ രോഗികളോട് ബന്ധപ്പെടും. ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ഇ-ജാഗ്രത ആപ്പ് വഴി മരുന്ന് കുറിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന എത്തിച്ച് നല്‍കുകയും ചെയ്യും.

ആവശ്യമെങ്കില്‍ ഉടന്‍ ആംബുലന്‍സ് അയച്ച് സുരക്ഷാ മാനദണ്ഡത്തോടെ കൊവിഡ് ആശുപത്രിയിലെത്തിക്കും. ഇവിടെ വെച്ച് സ്രവം എടുത്ത് പി.സി.ആര്‍ പരിശോധനയ്ക്ക് അയക്കും. തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്തവരെല്ലാം നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഒരാള്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കഴിഞ്ഞ ദിവസം ഒരാള്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more