| Thursday, 17th December 2020, 9:26 am

ഒടുവില്‍ സി. എം രവീന്ദ്രന്‍ വഴങ്ങി; ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരായി. നാലാമത്തെ നോട്ടീസിലാണ് സി. എം രവീന്ദ്രന്‍ കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

ഇ.ഡി നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് കൊണ്ട് സി. എം രവീന്ദ്രന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നിരന്തരം നോട്ടിസുകള്‍ നല്‍കി ഇ.ഡി തന്നെ ബുദ്ധിമുട്ടിക്കുകയാണ്, കൊവിഡിന് ശേഷം താന്‍ അവശനാണ് തുടങ്ങിയ വാദങ്ങളാണ് രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെ കോടതി എതിര്‍ത്തു.

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന ഒരു കേസിലും താന്‍ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഹരജിയില്‍ കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് സി. എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്.

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു രവീന്ദ്രന് ഇ.ഡി നാലാം തവണയും നോട്ടീസ് അയച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നിര്‍ദേശം.

നേരത്തെ മൂന്ന് തവണയും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ തവണ ഇ. ഡി നോട്ടീസ് അയച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിനല്‍കണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന തള്ളിയാണ് വ്യാഴാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Raveendran came for questioning before Enforcement Directorate

We use cookies to give you the best possible experience. Learn more