തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ സി.എം.രവീന്ദ്രന് ഇ.ഡി. സമന്‍സ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എം രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായത്.
ഇത് മൂന്നാംവട്ടമാണ് ചോദ്യംചെയ്യലിന്റെ തൊട്ടുമുന്‍പേ രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കൊവിഡിന് ശേഷം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ ഭാഗമായാണ് ചികിത്സയ്ക്ക് എത്തിയതെന്നുമാണ് സി.എം രവീന്ദ്രന്റെ വിശദീകരണം.
തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
കൊവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ അഡ്മിറ്റായത്.
കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ- ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
ഇതിനിടെ സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാരോടാണ് അടിയന്തരമായി വിവരങ്ങള്‍ തേടിയിരിക്കുന്നത്.
രവീന്ദ്രനുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നതിന് പിന്നാലെയാണ് നോട്ടീസ്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക