പനാജി: സണ്‍, സാന്‍ഡ്, സീ ടൂറിസത്തിന്റെ (sun, sand and sea tourism) പേരില്‍ അറിയപ്പെടുന്ന ഗോവ ഇനി മുതല്‍ ആത്മീയ സാംസ്‌കാരിക ടൂറിസം കേന്ദ്രം എന്ന നിലയില്‍ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
ദൈവത്തേയും മതത്തേയും ദേശത്തേയും(dev, dharma and desh) പറ്റി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മതസ്ഥാപനങ്ങള്‍ ബോധവല്‍കരണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോവ ഒരു ടൂറിസ്റ്റ് കേന്ദ്രമാണെന്നും സംസ്ഥാനത്തെ ടൂറിസത്തിന്റെ തലസ്ഥാനമാക്കാനാണ് ശ്രമിക്കുന്നതെന്നും സാവന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പോര്‍ച്ചുഗീസ് ഭരണകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃകകേന്ദ്രങ്ങളും നവീകരിക്കാന്‍ 20 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ സാവന്ത് പറഞ്ഞിരുന്നു. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളും പള്ളികളും സന്ദര്‍ശിക്കാനായുള്ള സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് സര്‍ക്കാര്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് പദ്മശ്രീ സദ്ഗുരു ബ്രഹ്മേശാനന്ദ് ആചാര്യ അറിയിച്ചു.