ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 9.30ന് ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.
കേരളത്തിലെയും കര്‍ണാടകത്തിലെയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. പിണറായിയുമൊത്തുളള കൂടിക്കാഴ്ചക്ക് പിന്നാലെ ഗുണകരമായ ചര്‍ച്ചയെന്ന് ബസവരാജ ബൊമ്മെ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ചര്‍ച്ചയില്‍ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടുന്ന വിഷയം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ചുളള സാങ്കേതിക വിവരങ്ങള്‍ കേരളം കൈമാറാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച നടക്കാതിരുന്നത്.
നിലമ്പൂര്‍ – നഞ്ചന്‍കോട്, തലശ്ശേരി- മൈസൂര്‍, കാസര്‍കോട് ദക്ഷിണ കന്നഡ റെയില്‍ ലൈന്‍ എന്നിവയടക്കമുള്ള പദ്ധതികള്‍ക്കെല്ലാം കര്‍ണാടകത്തിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇവ നടപ്പാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
എന്‍.എച്ച് 766ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂര്‍-മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ നടപ്പിലാക്കാന്‍ കേരളവും കര്‍ണാടകവും സംയുക്തമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.
വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ സില്‍വര്‍ ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നിര്‍ദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
കൂടിക്കാഴ്ചക്ക് ശേഷം കര്‍ണാടക ബാഗെപ്പള്ളിയില്‍ സി.പി.ഐ.എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും. ബാഗെപ്പള്ളിയിലെ പരിപാടിയില്‍ പിണറായി വിജയനൊപ്പം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും, ബി.വി. രാഘവരഘുവും പങ്കെടുക്കും.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സി.പി.ഐ.എം തീരുമാനം.