തിരുവനന്തപുരം: പെട്രോള്‍/ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് ദിനംപ്രതി ഇന്ധന വിലവര്‍ധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോണ്‍ഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസഹമാക്കിയത് ബി.ജെ.പിയാണൈന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ അവഗണിച്ചുകൊണ്ട് സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബി.ജെ.പി സഞ്ചരിക്കുന്നത്. ഈ നയങ്ങള്‍ കാരണം സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കി നയം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതിയ നീണ്ട കുറിപ്പിലൂടെ പറഞ്ഞു.
കൊവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതം കൂടുതല്‍ രൂക്ഷമാകാന്‍ ഇതു കാരണമായിരിക്കുന്നു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 256 രൂപയാണ്. കഴിഞ്ഞ 5 മാസത്തിനിടയില്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. ഇപ്പോള്‍ സിലിണ്ടറിന്റെ വില 2250 രൂപ എത്തി നില്‍ക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയും വര്‍ധിപ്പിച്ചു. ഡീസല്‍ വില ഇപ്പോള്‍ 100 രൂപ കടന്നിരിക്കുന്നു.
നിലവിലെ സാഹചര്യത്തിനു കാരണമായത് കോണ്‍ഗ്രസ് തുടങ്ങിവെച്ചതും ബി.ജെ.പി കൂടുതല്‍ ശക്തമാക്കിയതുമായ നവ ഉദാരവല്‍ക്കരണ നയങ്ങളാണ്. അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിംഗ് മെക്കാനിസം (Administered Pricing Mechanism -APM) എന്ന സംവിധാനം വഴി ഇന്ത്യന്‍ അഭ്യന്തര മാര്‍ക്കറ്റിലെ പെട്രോള്‍/ഡീസല്‍ വില നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്ന അധികാരം എടുത്തു കളയുകയും എണ്ണ, ഖനന, സംസ്‌കരണ,വിതരണമേഖലകളെ സ്വകാര്യവല്‍ക്കരിക്കുകയും വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്താണ് ഈ തീരുമാനം നടപ്പാക്കാന്‍ ആരംഭിച്ചത്.
തുടര്‍ന്നു വന്ന വാജ്‌പേയി സര്‍ക്കാര്‍ എ.പി.എം സംവിധാനം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓയില്‍ കോര്‍പറേഷന്‍ കമ്മിറ്റി (OCC)യുടെ നിയന്ത്രണത്തിലുള്ള ഓയില്‍ പൂള്‍ അക്കൗണ്ട് (OPA) നിര്‍ത്തലാക്കിയെങ്കിലും തുടര്‍ന്നു വന്ന ഒന്നാം യു.പി.എ ഗവണ്‍മെന്റിനു അവര്‍ക്കു മുകളില്‍ ഇടതു പക്ഷത്തിനുണ്ടായിരുന്ന സ്വാധീനം കാരണം നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്നും പിന്നോക്കം പോകേണ്ടി വന്നു. എന്നാല്‍ അതിനു ശേഷം വന്ന രണ്ടാം യു.പി.എ സര്‍ക്കാര്‍ പെട്രോള്‍ വില നിര്‍ണയിക്കാന്‍ സര്‍ക്കാരിനുള്ള അവകാശം 2010 ജൂണ്‍ 25ന് എടുത്തു കളയുകയും ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കുകയും ചെയ്തു.
തുടര്‍ന്നു വന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 2014 ഒക്ടോബര്‍ 18ന് ഡീസല്‍ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികള്‍ക്ക് വിട്ടുകൊടുത്തു.
കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്നീ പേരുകളില്‍ പുതിയ നികുതികള്‍ കൊണ്ട് വരികയും അവ അനിയന്ത്രിതമായി വര്‍ധിപ്പിക്കുകയും ചെയ്തു. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയില്‍ ആണ് സെസും അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും വര്‍ധിപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന എക്‌സൈസ് നികുതി 2016ല്‍ 9.48 രൂപയുണ്ടായിരുന്നത് അടിക്കടി കുറച്ച് നിലവില്‍ 1.4 രൂപയാക്കുകയും, 2014 ല്‍ ഒരു ലിറ്റര്‍ പെട്രോളിന് വെറും 8.276 രൂപ ആയിരുന്ന സെസ്സും സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും ഫെബ്രുവരി 2021 ആയപ്പോള്‍ 31.5 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്രകാരം ഈടാക്കുന്ന നികുതിയില്‍ നിന്നും ഒരംശം പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്കു ധനകാര്യ കമ്മീഷന്‍ വഴിയുള്ള വിഹിതമായി ലഭിക്കുന്നില്ല. ഇതേകാലയളവില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ സെസ്സും അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും 2.104 രൂപയില്‍ നിന്നും 30 രൂപയായി വര്‍ധിപ്പിച്ചു.
പെട്രോള്‍ നികുതിയിലുള്ള വര്‍ധനവ് 281 ശതമാനവും ഡീസലിന്റെ നികുതി വര്‍ധനവ് 1325 ശതമാനവുമാണ്. വില നിയന്ത്രണം എടുത്തുമാറ്റുമ്പോള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്ന നയം ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുകയും ആ വാഗ്ദാനം പാലിക്കപ്പെടാതെ പോവുകയും ചെയ്തു.
കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ നികുതി വര്‍ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയെന്ന് പറയുന്ന അവകാശവാദം തെറ്റാണ്. 2011 മുതല്‍ 2015 വരെ 3 തവണ പെട്രോളിന്റെ നികുതി നിരക്കില്‍ യു.ഡി.എഫ് കാലത്ത് കുറവ് വരുത്തിയെന്നു പറയുമ്പോള്‍ 13 തവണ നികുതി കൂട്ടിയതിനെ പറ്റി അവര്‍ മൗനം പാലിക്കുന്നു. 2011 ല്‍ 26.64 ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോള്‍ 31.8ശതമാനം ആയി വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ കാര്യത്തില്‍ ഇതേ കാലയളവില്‍ രണ്ടു തവണ നികുതി കുറച്ചു. എന്നാല്‍, ആറു തവണ കൂട്ടി. 2011 ജൂണില്‍ 22.6 ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോള്‍ 24.52ശതമാനം ആയി വര്‍ധിപ്പിച്ചു.
നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ ആ കാലയളവില്‍ നികുതി വര്‍ധിപ്പിച്ചതിലൂടെ ഏകദേശം അതിന്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു. നികുതി ക്രമാനുഗതമായി കൂട്ടുന്നതിനിടയില്‍ ഇടയ്ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നാമമാത്രമായ കുറവു പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ 2016ല്‍ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം പെട്രോള്‍ ഡീസല്‍ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളില്‍ നിന്നും കുറയ്ക്കുകയുമാണുണ്ടായത്.
തൊട്ടുമുന്‍പുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2018-ലാണ് പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചത്. ഇങ്ങനെ നികുതി കുറച്ചതു കാരണം അന്നത്തെ നിരക്കനുസരിച്ച് 509 കോടി രൂപയാണ് നികുതിയിളവായി ജനങ്ങള്‍ക്ക് ലഭിച്ചത്. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാല്‍ ഇതുവരെ ചുരുങ്ങിയത് 1500 കോടി രൂപയെങ്കിലും ജനങ്ങള്‍ക്ക് നികുതിയിളവായി നല്‍കി കഴിഞ്ഞു.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലമായ 2011-12 സാമ്പത്തിക വര്‍ഷം 3138 കോടി നികുതി വരുമാനത്തില്‍ നിന്നും 2015-16 സാമ്പത്തിക വര്‍ഷം എത്തുമ്പോള്‍ 6100 കോടിയിലേക്ക് ഉയര്‍ന്നു. ഏകദേശം 94 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടുമുമ്പുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലയളവില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നികുതി 6,876 കോടിയില്‍ നിന്നും 2019-20 ല്‍ 7907 കോടിയായി 15 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്.
കൊവിഡ് കാലത്ത് യു.പി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ നികുതി വര്‍ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ പെട്രോളിയത്തിന്റെ നികുതി കുറയ്ക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ള നില ഒന്ന് പരിശോധിക്കുന്നത് നന്നാവും.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ പെട്രോളിന്റെ വില 114 രൂപയാണ്. അതേസമയം കേരളത്തിലെ പെട്രോളിന്റെ വില 111.4 രൂപയാണ്.
ചരക്കു-സേവന നികുതി (ജി.എസ്.ടി)യുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധന വില കുറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടും പാചക വാതകത്തിന്റെ വില അടിക്കടി കൂടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പാചകവാതകത്തിന് ഇപ്പോള്‍ അഞ്ചുശതമാനമാണ് ജി.എസ്.ടി. അതായത് 2.5 ശതമാനം കേന്ദ്രത്തിനും 2.5 ശതമാനം സംസ്ഥാനങ്ങള്‍ക്കും തുല്യമായി വീതിക്കുന്നു.
2018-19 കാലഘട്ടത്തില്‍ തൊട്ട് മുമ്പത്തെ വര്‍ഷത്തേക്കാള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗ്യാസിന്റെ വില 485.92 ($/MT) യില്‍ നിന്നും 526.00 ($/MT) ആയി കൂടി. ഏകദേശം 8 ശതമാനത്തിന്റ കൂടുതല്‍. ഇന്ത്യയിലെ മാര്‍ക്കറ്റില്‍ ഗ്യാസിന്റെ വില 653.46 ല്‍ നിന്നും 768.12 രൂപയായി (17.55 ശതമാനത്തിന്റെ വര്‍ധനവ്). അതായത്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 8 ശതമാനത്തിന്റെ വര്‍ധനവ് ഇന്ത്യയില്‍ ഇരട്ടിയായി. ജി എസ് ടി റേറ്റില്‍ മാറ്റവും ഇല്ല. അപ്പോള്‍ അധികമായുള്ള 8 ശതമാനത്തിന്റെ വര്‍ധനവ് ഗ്യാസ് കമ്പനികള്‍ക്കാണ്.
എന്നാല്‍ 2018-19 ല്‍ നിന്നും 2019-20 കാലഘട്ടത്തില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗ്യാസിന്റെ വില 526.00 ($/MT) ല്‍ നിന്നും 453.75.00 ($/MT) ആയി കുറഞ്ഞു. ഏകദേശം 14 ശതമാനത്തിന്റെ കുറവ്. പക്ഷെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഗ്യാസിന്റെ വില 768.12 ല്‍ 694.73 രൂപ മാത്രമാണായത്. അതായത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 14 ശതമാനത്തിലെ കുറവ്. ഇന്ത്യയില്‍ മാറ്റം വരുത്തിയത് വെറും 9.55 ശതമാനം മാത്രം. അതേസമയം, ജി.എസ്.ടി നിരക്കുകളില്‍, ഒരു മാറ്റവും ഉണ്ടായതുമില്ല. അപ്പോള്‍ അധികമായുള്ള 4.5 ശതമാനത്തിന്റെ ലാഭം നേടിയത് ഗ്യാസ് കമ്പനികളാണ്.
അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിര്‍ത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലില്‍ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേന്ദ്രം ഇളവു ചെയ്തത് 1.45 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ 8.75 ലക്ഷം കോടി രൂപയുടെ കടങ്ങളില്‍ കോര്‍പ്പറേറ്റ് ലോണുകളാണ് പ്രധാനമായുമുള്ളത്.
ഈ എഴുതിതള്ളുന്ന തുക സബ്‌സിഡി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ജനങ്ങളെ അവഗണിച്ചുകൊണ്ട് സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബി.ജെ.പി സഞ്ചരിക്കുന്നത്. ഈ നയങ്ങള്‍ കാരണം സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കി നയം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം.
CONTENT HIGHLIGHTS: CM Pinaryi vijayan on fuel price hike BJP’s abandonment of Congress-initiated policy makes life miserable