തിരുവനന്തപുരം: പ്രളയത്തിന് ശേഷം പുനര്‍നിര്‍മാണത്തിന് പണമില്ലാതെ കേരളം നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2017ല്‍ മുഖ്യമന്ത്രി നടത്തിയ യാത്രയാണ് പ്രളയശേഷമെന്ന് കാണിച്ച് 2018ലെ യാത്രയാക്കി മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നതെന്നും വാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന:പൂര്‍വ്വം കെട്ടിച്ചമച്ചതുമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
“കേരളത്തില്‍ പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബര്‍ 6-ന് മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. അവിടെ ചേര്‍ന്ന എല്‍.ഡി.എഫ് റാലിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത വാര്‍ത്ത മാതൃഭൂമിയടക്കം എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണ്. പ്രളയത്തിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ്. ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണ്”. പത്രക്കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം തന്നെയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
“മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങള്‍ക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുന്നു. കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കുന്നത്”. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.
ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു പ്രത്യേക വിമാന യാത്രയെന്നും അന്നു തന്നെ മടങ്ങുകയും ചെയ്തുവെന്നായിരുന്നു മാതൃഭുമി വാര്‍ത്ത.
യാത്രക്ക് ചെലവായ 7.60 ലക്ഷം രൂപ ബെംഗളൂരുവിലെ ടി.എ. ജെറ്റ്സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് നല്‍കാനായി സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം കൈമാറിയെന്നും പൊതുഭരണവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് പണം നല്‍കിയകൈമാറിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്.