കോണ്‍ഗ്രസിന് എതിര്‍പ്പ്; കാസര്‍കോഡ് കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല
Congress Youth Murder Case
കോണ്‍ഗ്രസിന് എതിര്‍പ്പ്; കാസര്‍കോഡ് കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 11:01 am

കാഞ്ഞങ്ങാട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തില്ല. മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡി.സി.സിയുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ കാരണം.

ഇന്നലെ രാത്രി സി.പി.ഐ.എം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡി.സി.സി നേതൃത്വം മറുപടി നല്‍കിയിരുന്നില്ല.

എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അനുവദിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ മാതൃഭൂമിയോട് പ്രതികരിച്ചു.

പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകം, പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പൊലീസും എതിര്‍ത്തുവെന്നാണ് സൂചന.

മുഖ്യമന്ത്രി തങ്ങളുടെ വീട് സന്ദര്‍ശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോട് തങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ന് കാസര്‍കോഡ് നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയെത്തുന്നത്. വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും, കാഞ്ഞങ്ങാട് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവുമാണുള്ളത്.