തിരുവനന്തപുരം: രാജ്യത്ത് വളര്‍ന്ന വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതിന് സംഘപരിവാറില്‍ നിന്നും വിമര്‍ശനം നേരിടുന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ നേരില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബി.ജെ.പി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടിക്കാഴ്ച പത്തുമിനിട്ടോളം നീണ്ടു. തനിക്ക് ഭയമില്ലെന്ന് പറഞ്ഞ അടൂര്‍ ആരെയും പേടിച്ചു ജീവിക്കാനാവില്ലെന്നും പറഞ്ഞു.
ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂര്‍ ഉള്‍പ്പെടെ 49 ഓളം പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.