|

'വര്‍ഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവ്,രാഷ്ട്രീയമായി ഭിന്ന ചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തി ബന്ധം സൂക്ഷിച്ചു'; എം.പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു എം.പി വിരേന്ദ്രകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം.പി വീരേന്ദ്രകുമാറിന്റെ വേര്‍പാട് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദ്ര കുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ടെന്നും രാഷ്ട്രീയമായി ഭിന്ന ചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തി ബന്ധം കാത്ത് സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത് പ്രശ്നവും ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന നേതാവായിരുന്നു.കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എം.എല്‍.എമാരുടെയും എം. പിമാരുടെയും സംയുക്തയോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു,” ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തിൽ പങ്കെടുത്ത്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന വർഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
ആ വേർപാടിൽ അദ്ദേഹത്തിൻറെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉള്ള തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക