| Saturday, 5th October 2019, 10:24 pm

കൂടത്തായ് കൊലപാതക പരമ്പര; അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

താമരശ്ശേരി: കൂടത്തായി കൊലപാതകങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാനായ അന്വേഷണസംഘത്തിനും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുന്നതിലെ ആശങ്കയും മുഖ്യമന്ത്രി ഫേസ്ബുക്കിലെ കുറിപ്പില്‍ പങ്കുവെച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്  പൂര്‍ണരൂപത്തില്‍

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസ് നടത്തിയ പ്രയത്‌നം അഭിനന്ദനീയമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ നമ്മുടെ പോലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. ആറ് മരണങ്ങളുടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് എന്ന് കേരള പോലീസ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more