| Thursday, 25th July 2019, 7:59 pm

വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട; അടുരിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

നേരത്തെ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ബി.ഗോപാലകൃഷ്ണന്റെ ഭീഷണി കേരളം തള്ളുമെന്നും കേരളത്തില്‍ ആ പരിപ്പ് വേവില്ലെന്നും കാനം പറഞ്ഞു.

‘സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയായി കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി ആക്രമണം നടക്കുന്നുണ്ട്. നിരവധി ആളുകളെ കൊല ചെയ്തു നിരവധിപ്പേര്‍ക്കെതിരെ ഭീഷണി മുഴക്കി. ഡോ. കെ.എസ് ഭഗവാന്റെ പേര് മാറ്റണമെന്ന് വരെ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം തുടര്‍ച്ചായണ് ഇപ്പോഴത്തെ സംഭവം’. കാനം പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നുമാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് അടൂരടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ച നടപടിക്കെതിരെയായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്.

‘ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും’- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

DoolNews Video

We use cookies to give you the best possible experience. Learn more