സമസ്തയുടെ 'മഅ്ദിന്‍' വേദിയില്‍ വക്കംമൗലവിയുടെയും മക്തി തങ്ങളുടെയും പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസംഗം
Kerala News
സമസ്തയുടെ 'മഅ്ദിന്‍' വേദിയില്‍ വക്കംമൗലവിയുടെയും മക്തി തങ്ങളുടെയും പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2018, 4:37 pm

മലപ്പുറം: കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള “മഅ്ദിന്‍” സ്ഥാപനത്തിന്റെ 20 വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നു. കാന്തപുരമടക്കമുള്ള നേതാക്കളെ വേദിയിലിരുത്തിയാണ് മുസ്‌ലിം പൗരോഹിത്യം എക്കാലത്തും എതിര്‍ത്ത സമുദായത്തിലെ നവോത്ഥാന നായകരെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചും മുഖ്യമന്ത്രി പ്രസംഗിച്ചത്.

സയ്യിദ് സനാഉല്ല മക്തി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം മൗലവി തുടങ്ങി കേരള മുസ്ലിം സമൂഹത്തിനിടയില്‍ നവോത്ഥാന ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന നേതാക്കന്മാരുടെ ചരിത്രം മുഖ്യമന്ത്രി ഉദാഹരണങ്ങളായി അവതരിപ്പിച്ചു.

വിജ്ഞാനത്തിന്റെയും ആധുനികതയുടെയും ലോകത്ത് നിന്ന് പുറം തിരിഞ്ഞു നില്‍ക്കുന്ന ആര്‍ക്കും മുന്നോട്ടു പോകാനാവില്ല എന്ന സന്ദേശം മുന്നോട്ടുവെച്ച നേതാവായിരുന്നു വക്കം മൗലവിയെന്നും സ്ത്രീസമുദായം കലയും ശാസ്ത്രവും സാഹിത്യവും കായികാഭ്യാസവും പഠിക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം എടുത്തു പറയുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള ഭാഷാ പഠനം പ്രധാനമാണെന്ന് പറഞ്ഞ മക്തി തങ്ങള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും ഇടപെടുകയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് പഠിക്കുന്നതിലേക്ക് പ്രത്യേക പാഠശാലകള്‍ ഏര്‍പ്പെടുത്തി കിട്ടണമെന്ന് അപേക്ഷിക്കുന്നത് വിവേകമില്ലായ്മയാവുന്നു എന്നദ്ദേഹം പറഞ്ഞു. ഇസ്‌ലാം മുറ തെറ്റാതെ തന്നെ പെണ്‍പിള്ളേര്‍ക്ക് പൊതുപള്ളിക്കൂടങ്ങളില്‍ പഠിക്കാം. ഇതും മക്തി തങ്ങള്‍ മുന്നോട്ടുവെച്ച ആദര്‍ശമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനവും മുസ്‌ലിം വിദ്യഭ്യാസത്തിന്റെ ചരിത്രത്തില്‍ വിസ്മരിക്കാവുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്രസാ വിദ്യഭ്യാസരംഗത്താണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം നടന്നത്. മതവിഷയങ്ങള്‍ക്ക് പുറമെ ഗണിത ശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയിവല്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മലയാള ഭാഷയ്ക്ക് വലിയ പരിഗണനയാണ് അദ്ദേഹം നല്‍കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം പാഠശാലയില്‍ അദ്ദേഹം പ്രവേശനം നല്‍കി. സ്വന്തം പുത്രിമാരെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗം

മുസ്‌ലിം ജനവിഭാഗത്തിനകത്തെ നവോത്ഥാന നായകരിലൊരാളായ വക്കം മൗലവി അക്കാലത്തെ ഈ സവിശേഷതകളെ ഉള്‍ക്കൊണ്ട് കൊണ്ട് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. വക്കം മൗലവിയുടെ വാക്കുകളാണ് ഉദ്ധരിക്കുന്നത്.

“യൂറോപ്യന്മാര്‍ ബ്രൂണോയെ തീയിലിട്ട് കൊല്ലുകയും ഗലീലിയോയെ ഹിംസിക്കുകയും ചെയ്ത കാലത്ത് മുസ്‌ലിംങ്ങള്‍ സെവിയ്യ, കൊര്‍ദോവ, ബാഴ്‌സലോണിയ എന്നീ നഗരങ്ങളില്‍ സര്‍വകലാശാലകള്‍ സ്ഥാപിച്ച് ലോകത്ത് ജ്ഞാന വിജ്ഞാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു.മുസ്‌ലിം രാജാക്കന്മാര്‍ സൗജന്യ ഗ്രന്ഥശാലകള്‍ തുറക്കുകയും ജ്യോതിശാസ്ത്ര പരീക്ഷണാലയങ്ങള്‍ സ്ഥാപിക്കുകയും ശാസ്ത്രപരീക്ഷണ ശാലകള്‍ നിര്‍മ്മിക്കുകയും ചെയ്തു.”

ഈ ഉദ്ധരണി വക്കം മൗലവിയുടെ വാക്കുകളില്‍ നിന്നാണ്. ഇങ്ങനെ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്‌ലാമെന്ന് ഓര്‍മ്മപ്പെടുത്തുക കൂടിയാണ് വക്കം മൗലവി ചെയ്തത്. കേരളത്തിലെ നവോത്ഥാന നായകര്‍ എന്നും നമ്മുടെ ജനതയെ ഓര്‍മിപ്പിച്ചത് ഇതായിരുന്നു. വിജ്ഞാനത്തിന്റെയും ആധുനികതയുടെയും ലോകത്ത് നിന്ന് പുറം തിരിഞ്ഞു നില്‍ക്കുന്ന ആര്‍ക്കും മുന്നോട്ടു പോകാനാവില്ല എന്ന സന്ദേശം അതവതരിപ്പിച്ചു.

കേരളത്തില്‍ മുസ്‌ലിം സമുദായം വിദ്യഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തരമൊരു വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി തീര്‍ന്നത് ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയതും വിദ്യഭ്യാസം സൗജന്യമാക്കിയതും മറ്റുമാണ്. ഇതിന്റെ അടിത്തറയില്‍ മുസ്‌ലിം സമുദായത്തിനകത്ത് വളര്‍ന്ന് വന്ന നവോത്ഥാനപരമായ ആശയങ്ങള്‍ ഇതിന് സഹായകമായി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും മുന്നിട്ടിറങ്ങിയെന്നത് ചരിത്രം രേഖപ്പെടുത്തുന്നു.

കേരളത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ വിദ്യഭ്യാസ പ്രചരണത്തിനായി ഏറ്റവും ശക്തമായി ഇടപെട്ടത് മക്തി തങ്ങളായിരുന്നു. അറബിയും ഇംഗ്ലീഷും മലയാളവും സ്വായത്തമാക്കിയ മക്തി തങ്ങള്‍ ബ്രിട്ടീഷുകാരുടെ കീഴിലെ ഉദ്യോഗസ്ഥനായിരുന്നെങ്കിലും ഈ ജോലി രാജിവെക്കുകയാണുണ്ടായത്.

ആധുനിക വിദ്യാഭ്യാസത്തിന്റെ ആവകശ്യതയിലേക്ക് മുസ്‌ലിം സമുദായത്തെ തട്ടിയുണര്‍ത്തുകയാണ് മക്തി തങ്ങള്‍ ചെയ്തത്. അതിനായി അദ്ദേഹം ഇറക്കിയ ലഘുലേഖ തന്നെ ഇതിന്റെ തെളിവാണ്. ആ ലഘുലേഖയില്‍ പറയുന്ന ഒരു മൂന്നുവാചകം ഞാനിവിടെ ഉദ്ധരിക്കാം.

“പ്രവാചകന്റെ കാലത്ത് പലയിടങ്ങളിലും പാഠശാലകളേര്‍പ്പെടുത്തി. ജാതിമതാതി വ്യത്യാസം കൂടാതെ പഠിപ്പിച്ചു. രാജപരിഷ്‌ക്കാരം, ജനപരിഷ്‌ക്കാരം എന്നിവയ്ക്ക് ആവശ്യമായ എല്ലാം പഠിപ്പിച്ചിരുന്നു.” മക്തി തങ്ങളുടെ വാക്കുകളാണിത്.

ഇത്തരത്തില്‍ വിജ്ഞാനത്തിന്റെ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു. മലയാള ഭാഷാ പഠനം പ്രധാനമാണെന്ന് പഠിപ്പിക്കുന്ന നയസമീപനം അദ്ദേഹം മുന്നോട്ടുവെച്ചു. മലയാള ഭാഷയ്ക്ക് വേണ്ടി അതുല്ല്യമായി പ്രവര്‍ത്തിച്ച ഭാഷാപ്രേമിയായും അദ്ദേഹം മാറി. അദ്ദേഹം അക്കാര്യത്തില്‍ എഴുതിയ ഒരു വാക്കുണ്ട്.

“മാതൃഭാഷ മാത്രമല്ല മലയാളിയുടെ ഗുരുഭാഷയായ മലയാളം പഠിക്കായ്കയാല്‍ വേദാഭ്യാസം ദോഷപ്പെടുന്നു. ഈമാന്‍ നഷ്ടപ്പെടുന്നു.” പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അദ്ദേഹം ഇടപെടുകയുണ്ടായി. സ്ത്രീകള്‍ക്ക് പഠിക്കുന്നതിലേക്ക് പ്രത്യേക പാഠശാലകള്‍ ഏര്‍പ്പെടുത്തി കിട്ടണമെന്ന് അപേക്ഷിക്കുന്നത് വിവേകമില്ലായ്മയാവുന്നു. ഇസ്‌ലാം മുറ തെറ്റാതെ തന്നെ പെണ്‍പിള്ളേര്‍്ക്ക് പൊതുപള്ളിക്കൂടങ്ങളില്‍ പഠിക്കാം. ഇതും മക്തി തങ്ങള്‍ മുന്നോട്ടുവെച്ച ആദര്‍ശമായിരുന്നു.

1858ല്‍ കോഴിക്കോട് നിന്ന് പരോപകാരി എന്ന മാസികയും അദ്ദേഹം ആരംഭിക്കുകയുണ്ടായി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനവും മുസ്‌ലിം വിദ്യഭ്യാസത്തിന്റെ ചരിത്രത്തില്‍ വിസ്മരിക്കാവുന്നതല്ല. മദ്രസാ വിദ്യഭ്യാസരംഗത്താണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം നടന്നത്. മതവിഷയങ്ങള്‍ക്ക് പുറമെ ഗണിത ശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയിവല്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മലയാള ഭാഷയ്ക്ക് വലിയ പരിഗണനയാണ് അദ്ദേഹം നല്‍കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം പാഠശാലയില്‍ അദ്ദേഹം പ്രവേശനം നല്‍കി. സ്വന്തം പുത്രിമാരെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായി.

1823ല്‍ തിരുവിതാംകൂറില്‍ ജനിച്ച വക്കം മൗലവിയുടെ പ്രവര്‍ത്തനവും നാം ഓര്‍ക്കേണ്ടതാണ്. സ്ത്രീസമുദായം കലയും ശാസ്ത്രവും സാഹിത്യവും കായികാഭ്യാസവും പഠിക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം എടുത്തു പറയുകയുണ്ടായി.