കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് നടക്കാവിലെ വീട്ടില്‍ എത്തിയ മുഖ്യമന്ത്രിയെ എം.ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം.
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോള്‍ ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി പറഞ്ഞു.
നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാര്‍ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം.ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Content highlights: CM Pinarayi Vijayan visited MT Vasudevan Nair