തിരുവനന്തപുരം: ഖുറാന്‍ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി ജലീലിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ കോണ്‍സുലേറ്റ് കെ. ടി ജലീലുമായി ഇടപെട്ടതില്‍ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജലീലിനെ ഇങ്ങോട്ട് വിളിച്ചാണ് സംസാരിച്ചതെന്നും നയതന്ത്രകാര്യങ്ങള്‍ സംസാരിക്കുകയോ സംഭാവനകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായ് സര്‍ക്കാരിന് കീഴിലുള്ള ചാരിറ്റി വകുപ്പിന്റെ സീലോടെയുള്ള ഖുറാന്‍ കോപ്പികളാണ് മതാചാരത്തിന്റെ ഭാഗമായി വിതരണം ചെയ്യാന്‍ കോണ്‍സുലേറ്റ് ഏല്‍പ്പിച്ചത്. മലപ്പുറത്തേക്ക് പോകുന്ന വാഹനത്തില്‍ വിമാനത്താവളത്തില്‍ നിന്ന് ഈ പുസ്തകങ്ങളും കയറ്റിയെന്നും മലപ്പുറത്തുള്ള രണ്ട് മതസ്ഥാപനങ്ങളില്‍ ഇറക്കി. അതിന്റെ പേരില്‍ ഒരു രൂപ പോലും സര്‍ക്കാരോ സി ആപ്റ്റിനോ അധിക ചെലവ് വന്നിട്ടില്ല. ആരാധനാലയങ്ങള്‍ പകുതി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നതിനാല്‍ ഈ പുസ്തകങ്ങളൊന്നും ഇതുവരെ വിതരണം ചെയ്തിട്ടില്ല. എടപ്പാള്‍, ആലത്തൂര്‍ എന്നിവിടങ്ങളിലായി ഈ പുസ്തകങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ക്രമക്കേടും അനഭിലഷണീയമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതില്‍ ഖുറാന്‍ തന്നെയാണെന്ന് എന്താണ് ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചു ചോദിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ഇതിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം 40 നെതിരെ 87 വോട്ടുകള്‍ക്ക് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.
കോണ്‍ഗ്രസിലെ വി.ഡി.സതീശനാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചിരുന്നതെങ്കിലും നീണ്ടുപോയിരുന്നു.
അതേസമയം നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്‍മേലുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കിടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി മറുപടി പറയാന്‍ അധികം സമയമെടുത്തെന്ന് പറഞ്ഞാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.
മുഖ്യമന്ത്രി ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
മൂന്ന് മണിക്കൂറിലേറെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം തുടര്‍ന്നു. ഭരണനേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക